പാലക്കാട്: സിനിമ താരങ്ങളായ ബാബു രാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. കോടികൾ തട്ടിയെടുത്തുവെന്നാണ് പരാതി. തിരിവില്വാമല സ്വദേശിയായ റിയാസിൻ്റെ പരാതിയിലാണ് ഒറ്റപ്പാലം പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി.
2018ൽ റിലീസായ കൂദാശ എന്ന ചിത്രത്തിന് വേണ്ടി 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് പരാതിയിലുള്ളത്. സിനിമ റിലീസായതിന് ശേഷം നൽകിയ പണവും കൂടാതെ ലാഭ വിഹിതവും നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, സിനിമ ഇറങ്ങിയതിന് ശേഷം വാഗ്ദാനം പാലിക്കപ്പെടാതിരുന്നതോടെയാണ് റിയാസ് പരാതി നല്കിയയത്. പാലക്കാട് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനു ശേഷം പരാതി ഒറ്റപ്പാലം പോലീസിന് കൈമാറുകയായിരുന്നു.
ബാബു രാജിനെ നായകനാക്കി ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രമാണ് കൂദാശ. ക്വട്ടേഷൻ ഗുണ്ടയായിരുന്ന കല്ലൂക്കാരൻ ജോയ് എന്ന കഥാപാത്രമായാണ് ബാബു രാജ് ഈ സിനിമയിലെത്തുന്നത്.

