Thursday, June 13, 2024
spot_img

കോഴിക്കോട് കെഎസ്ആർടിസിയില്‍ വിദ്യാർത്ഥികൾക്ക് യാത്രാപാസ് അനുവദിച്ചതില്‍ വെട്ടിപ്പ്; 3 വർഷം കൊണ്ട് തട്ടിയത് ലക്ഷങ്ങൾ

കോഴിക്കോട്: വിദ്യാർത്ഥികൾക്ക് യാത്രാപാസ് അനുവദിച്ചതില്‍ ഉദ്യോഗസ്ഥന്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയെന്ന് കെഎസ്ആർടിസി ഓ‍ഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോർട്ട്. കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിലെ ടിക്കറ്റ് ഇഷ്യൂവറും സിഐടിയു നേതാവുമായിരുന്ന പി സി ലോഹിതാക്ഷനെതിരെയാണ് ഓഡിറ്റ് വിഭാഗം കെഎസ്ആർടിസി എംഡിക്ക് റിപ്പോർട്ട് നല്‍കിയത്. ഇയാള്‍ കഴിഞ്ഞ ഏപ്രില്‍ മാസം സർവീസില്‍ നിന്ന് വിരമിച്ചിരുന്നു.

കോഴിക്കോട് കെഎസ്ആർടിസി ഡിപ്പോയിലെ ടിക്കറ്റ് ഇഷ്യൂവറായിരുന്ന ലോഹിതാക്ഷന്‍ 2018, 19, 20 വര്‍ഷങ്ങളിലായി ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തല്‍. വിദ്യാർത്ഥികൾക്ക് യാത്രാപാസ് അനുവദിക്കല്‍, പാസ് പുതുക്കി നല്‍കല്‍, പാസ് പുതുക്കാന്‍ വൈകിയവരില്‍നിന്നും പിഴ ഈടാക്കല്‍ എന്നീ നടപടികളിലാണ് ക്രമക്കേട് നടത്തിയത്. ഈടാക്കിയ പണം രജിസ്റ്ററില്‍ വരവ് വച്ചിട്ടില്ലെന്നും, കൂടുതല്‍ തുക ഈടാക്കിയെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിരമിക്കുന്നതിന് തൊട്ടുമുന്‍പ് ലോഹിതാക്ഷന്‍ ബന്ധപ്പെട്ട രജിസ്റ്ററുകൾ തീവച്ചു നശിപ്പിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

ഇടത് തൊഴിലാളി സംഘടനയായ കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷന്‍ യൂണിറ്റ് പ്രസിഡന്‍റായിരുന്നു ലോഹിതാക്ഷന്‍. ലോഹിതാക്ഷനെതിരെ കെഎസ്ആർടിസി അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന് കീഴിലുള്ള ഔട്ട് ഓഡിറ്റ് വിഭാഗമാണ് റിപ്പോർട്ട് നല്‍കിയത്. ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടന്നതെന്നും എന്നാല്‍ തുക എത്രയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഒഎഡി വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി ക്രമക്കേട് നടന്ന കാലയളവില്‍ പാസ് വാങ്ങിയ വിദ്യാർത്ഥികളെ കണ്ടെത്തി അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കെഎസ്ആർടിസി എംഡിക്ക് സമര്‍പ്പിച്ച പ്രാഥമിക റിപ്പോർട്ടിന്‍മേല്‍, വൈകാതെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Related Articles

Latest Articles