Sunday, May 19, 2024
spot_img

ചൈനയിലെത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ; യുദ്ധമവസാനിപ്പിക്കാൻ റഷ്യയെ പ്രേരിപ്പിക്കാൻ ആവശ്യം

ബെയ്ജിംഗിൽ ഷി ജിൻപിങ്ങുമായി നിർണായക കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. കൂടിക്കാഴ്ചയിൽ യുക്രൈയ്‌നിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാൻ അവരെ പ്രേരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങൾക്കും എത്രയും വേഗം സമാധാന ചർച്ചകൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ചൈനീസ് പ്രസിഡന്റ് ജിൻപിങ് പ്രതികരിച്ചത്.

വിപുലമായ സൈനിക പരേഡോടെ പീപ്പിൾ ഗ്രേറ്റ് ഹാളിൽ മാക്രോണിനെ ഷി സ്വീകരിച്ചത്. കൂടിക്കാഴ്ചയ്‌ക്കൊടുവിൽ മാക്രോണും ഷിയും സമാധാന ചർച്ചകൾ തുടരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുകയും യുക്രൈയ്‌നിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ തങ്ങൾ എതിർക്കുന്നുവെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ സമാധാന ശ്രമങ്ങൾക്ക് ചൈനയുടെ പിന്തുണ മാക്രോൺ ആവശ്യപ്പെട്ടു .
യുക്രൈയ്‌നിലെ സമാധാനത്തിൽ ഫ്രാൻസിനും യൂറോപ്പിനും ഉള്ളപോലെ ഒരു താല്പര്യം ചൈനയ്ക്കും ഉണ്ടാകണമെന്നും മാക്രോൺ പറഞ്ഞു.

ചൈന ഔദ്യോഗികമായി നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെങ്കിലും റഷ്യൻ അധിനിവേശത്തെ ചൈന ഒരിക്കലും അപലപിച്ചിട്ടില്ല, മാത്രമല്ല കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രൈയ്‌ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കിയുമായി ആശയവിനിമയവും നടത്തിയിട്ടില്ല .

അതെ സമയം പാശ്ചാത്യശക്തികൾ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് റഷ്യയുടെ ഏറ്റവും വലിയ വിപണിയായി ചൈന അതിവേഗം വളരുകയാണ്. ഇന്ന് റഷ്യയുടെ എണ്ണയും വാതകവും ഏറ്റവും കൂടുതൽ വാങ്ങുന്നത് ചൈനയാണ്. യുദ്ധത്തിനായി ചൈന റഷ്യക്ക് രഹസ്യമായി ആയുധങ്ങൾ കൈമാറുന്നുവെന്നാണ് വിവരം.

Related Articles

Latest Articles