കോഴിക്കോട് : സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ട ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റിന് ഉപാധികളോടെ പ്രവര്‍ത്തിക്കാന്‍ അനുമതി. കോഴിക്കോട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ജില്ലാ തല ഫെസിലിറ്റേഷൻ കമ്മറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്.
പ്രതിദിനം സംസ്കരിക്കുന്ന മാലിന്യത്തിന്‍റെ അളവ് 25 ടണില്‍ നിന്നും 20 ടണ്ണായി കുറയ്ക്കണം,
വൈകുന്നേരം ആറു മുതല്‍ പന്ത്രണ്ട് വരെ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല, പഴകിയ അറവ് മാലിന്യം പ്ലാന്‍റില്‍ കൊണ്ടു വരരുത് തുടങ്ങിയ ഉപാധികളോടെയാണ് പ്ലാന്റിന് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്‍റ് വിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 321 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഘർഷത്തിൽ കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ 16 പോലീസുകാർക്കും 25 ഓളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

