Sunday, May 19, 2024
spot_img

ഇന്ന് മുതൽ വന്ദേഭാരത് ചെങ്ങന്നൂരിലും നിർത്തും ; കൊട്ടും മേളവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിൽ വന്ദേഭാരതിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം

തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്‌സ്പ്രസിന് ഇന്ന് മുതൽ ചെങ്ങന്നൂരിലും സ്‍റ്റോപ്പ്. ഇന്ന് രാവിലെ കൊല്ലത്ത് നിന്ന് 6.05ന്
പുറപ്പെട്ട വന്ദേഭാരത് 6.53 ന് ചെങ്ങന്നൂരിൽ എത്തിച്ചേർന്നു. തുടർന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തിൽ വന്ദേഭാരത് എക്‌സ്പ്രസിന് ഉജ്ജ്വല സ്വീകരണം നൽകി. മണ്ഡലകാലമെത്തും മുൻപേ വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകർക്ക് ഏറെ ആശ്വാസം പകരുകയാണ്.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിലും സ്‍റ്റോപ്പുണ്ടായത്. ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിർദ്ദേശം വി മുരളീധരൻ കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ ശബരിമല തീർത്ഥാടകർക്ക് സഹായകരമാകുമെന്ന കാര്യവും മന്ത്രി മുന്നോട്ട് വച്ചിരുന്നു. തുടർന്ന് തന്റെ ആവശ്യം അനുഭാവപൂർവം പരിഗണിച്ചതിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മുരളീധരൻ നന്ദി അറിയിച്ചിരുന്നു.

അതേസമയം, പുതിയ ഇടത്ത് സ്റ്റോപ്പ് അനുവദിച്ചതോടെ തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നത് ഉൾപ്പെടെ ടൈംടേബിളിൽ മാറ്റമുണ്ട്. തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാണ് ഇന്ന് മുതൽ വന്ദേഭാരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 നാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടിരുന്നത്. തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർഗോഡേക്ക് സർവീസ് നടത്തുന്ന വന്ദേഭാരതിന്റെ പുതിയ സമയം ഇങ്ങനെയാണ്. ഇന്ന് മുതൽ രാവിലെ 5.15 ന് സർവീസ് ആരംഭിക്കും. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിർത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും. എന്നാൽ കോട്ടയത്തും എറണാകുളത്തും നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് എത്തിച്ചേരും.

അതേസമയം, തൃശൂരിൽ വന്ദേഭാരതിന്റെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പതിവായി എത്തുന്ന 9.30 ന് തന്നെ എത്തുന്ന വന്ദേഭാരത് ഒരു മിനിറ്റ് അധികം ഇവിടെ കിടക്കും. നേരത്തെ 2 മിനിട്ടാണ് നിർത്തിയിട്ടിരുന്നതെങ്കിൽ നാളെ മുതൽ തൃശൂരിൽ വന്ദേഭാരത് 3 മിനിറ്റ് നിർത്തിയിടും. തുടർന്ന് 9.33 ന് തൃശൂർ നിന്ന് പുറപ്പെടും. ഷൊർണൂർ മുതൽ കാസർഗോഡ് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് കുതിച്ചെത്തും. കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് ഷോർണൂർ കഴിഞ്ഞാൽ വന്ദേഭാരത് നിർത്തുക. മടക്കയാത്രയിലും കാസർകോട് മുതൽ ഷൊർണൂർ വരെ സമയക്രമം പഴയതുപോലെ തന്നെയാകും. എന്നാൽ തൃശൂരിൽ ഒരു മിനിട്ട് അധികം നിർത്തിയിടും. 6.10 ന് തന്നെ എത്തുന്ന വന്ദേഭാരത് ഇവിടെനിന്നും പുറപ്പെടുക 6.13 നായിരിക്കും. അതേസമയം, എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല.

Related Articles

Latest Articles