ഫ്രീടൗണ്‍: സിയാറ ലിയോണിൽ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് (Lorry Blast) 99 പേര്‍ മരിച്ചു. സംഭവത്തിൽ നൂറിലേറെപ്പേർക്ക് പരിക്കേറ്റു. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ഫ്രീടൗണിലെ തിരക്കേറിയ സ്ഥലത്താണ് സംഭവം നടന്നത്.
സ്ഥലത്തുണ്ടായിരുന്ന ഒരു ബസിലെ മുഴുവൻ യാത്രക്കാരും വെന്തുമരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മനുഷ്യ ശരീരങ്ങളും, കത്തിയ വാഹനങ്ങളുടെ അവശിഷ്ടങ്ങളും റോഡില്‍ കാണാമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ സിയാറ ലിയോണ്‍ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കുന്നതായി ആരോഗ്യ മന്ത്രി അമ്റ ജംബായി അറിയിച്ചു. ശവശരീരങ്ങള്‍ പലതും കത്തിയ അവസ്ഥയില്‍ ആയതിനാല്‍ തിരിച്ചറിയാനും പ്രയാസമുണ്ട്.
അതേസമയം വാഹനം മറിഞ്ഞതിന് പിന്നാലെ ടാങ്കറിന്റെ ടാങ്ക് ചോര്‍ന്ന് ഇന്ധനം പുറത്തേക്ക് ഒഴുകി. ഇത് ശേഖരിക്കാനായി നിരവധി ആളുകള്‍ ടാങ്കറിന് ചുറ്റും കൂടിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെയാണ് മരണസംഖ്യ ഉയര്‍ന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സ്ഥലത്ത് ഭീകരമായ അവസ്ഥയാണെന്നും ഇനിയും മരണസംഖ്യ ഉയരാമെന്നുമാണ് സിറിയലിയോണ്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി തലവന്‍ പ്രതികരിച്ചത്.

