Sunday, May 19, 2024
spot_img

‘ജി. ശേഖരൻനായർ- സ്വന്തം ലേഖകൻ’; അനുസ്മരണവും ആത്മകഥ പ്രകാശനവും നാളെ വൈകീട്ട് 4.30ന് തിരുവനന്തപുരം YMCA ഹാളിൽ നടക്കും

തിരുവനന്തപുരം: ജി. ശേഖരൻ നായർ സുഹൃത് സംഘത്തിന്റെ ആഭിമുഖ്യത്തിൽ മാതൃഭൂമി തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജി.ശേഖരൻ നായരുടെ ഒന്നാം ചരമവാർഷികവും ‘ജി. ശേഖരൻനായർ- സ്വന്തം ലേഖകൻ’ എന്ന പുസ്തകത്തിന്റെ ആത്മകഥ പ്രകാശനവും നാളെ നടക്കും. നാളെ വൈകീട്ട് 4.30 ന് തിരുവനന്തപുരം YMCA ഹാളിലാണ് പരിപാടി നടക്കുന്നത്. മന്ത്രി വി.ശിവൻകുട്ടി യു.ഡി എഫ് കൺവീനർ എം.എം.ഹസ്സന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

അന്വേഷണാത്മക പത്രപ്രവർത്തനത്തിൻ്റെ കുലപതിയും മാതൃഭൂമി ദിനപത്രത്തിൻ്റെ റിപ്പോർട്ടറും തിരുവനന്തപുരം ബ്യൂറോചീഫും ആയിരുന്ന ജി. ശേഖരൻനായരുടെ കഥയാണ് ‘ജി. ശേഖരൻനായർ- സ്വന്തം ലേഖകൻ’ എന്ന ഈ കൃതി. അരനൂറ്റാണ്ടുകാലത്തെ പത്രപ്രവർത്തനാനുഭവങ്ങളാണ് ഇതിലെ മുഖ്യപ്രതിപാദ്യം. സ്വാമി വിവേകാനന്ദനിൽ നിന്നു പഠിച്ച നിർഭയത്വത്തോടെയും സ്വദേശാഭിമാനിയിൽ നിന്നു പഠിച്ച സ്വാതന്ത്ര്യബോധത്തോടെയും അഴിമതിക്കും അനീതിക്കുമെതിരെ നടത്തിയ പോരാട്ടമാണ് ശേഖരൻനായരുടെ മാദ്ധ്യമജീവിതം. മോട്ടോർ വാഹന വകുപ്പിലെ അഴിമതികൾ, ആരോഗ്യവകുപ്പുമന്ത്രി യുടെ രാജിക്ക് വഴിയൊരുക്കിയ പ്രാണവായു തേടുന്ന ആരോഗ്യരംഗം. ഹൗസിങ് ബോർഡിൻ്റെ തട്ടിപ്പും വെട്ടിപ്പും വെളിപ്പെടുത്തിയ ഹൗസിങ് ബോർഡെന്ന ബ്ലേഡ് കമ്പനി എന്നിങ്ങനെ നിരവധി ലേഖനങ്ങളിലൂടെ അഴിമതിക്കും അനീതിക്കുമെതിരെ ശേഖരൻനായർ നടത്തിയ അക്ഷരപോരാട്ടങ്ങൾ ഈ കൃതിയിൽ വിവരിക്കുന്നുണ്ട്.

Related Articles

Latest Articles