Tuesday, May 7, 2024
spot_img

അദ്വാനി തുടങ്ങി വച്ചു നരേന്ദ്രമോദി പൂർത്തിയാക്കി; ജനുവരി 22 ഇനി രാഷ്ട്രത്തിന് ചരിത്ര ദിനം; പ്രാണപ്രതിഷ്ഠ ബഹിഷ്കരിച്ചവർ അധിനിവേശത്തിന്റെ പ്രതിനിധികൾ; അയോദ്ധ്യയെ കുറിച്ചുള്ള പാർലമെന്റ് ചർച്ചയിൽ പങ്കെടുത്ത് അമിത്ഷായുടെ ആവേശോജ്ജ്വല പ്രസംഗം

ദില്ലി: അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷഠ നടന്ന ജനുവരി 22 ഇനി ഒരു ചരിത്രദിനമായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പാർലമെന്റിന്റെ ബഡ്‌ജറ്റ്‌ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് അയോദ്ധ്യയെ കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 22 പുതിയ ഭാരതത്തിന്റെ തുടക്കമാണ്. പ്രാണപ്രതിഷ്ഠ ചടങ്ങ് ബഹിഷ്കരിച്ചവർ ഈ രാജ്യത്തെ രാമനിൽ നിന്ന് വേറിട്ട് കാണാൻ ശ്രമിക്കുന്നവരാണ്. അവർക്ക് ഈ രാജ്യത്തെ കുറിച്ച് ഒന്നുമറിയില്ല. അവർ അധിനിവേശകാലത്തിന്റെ പ്രതിനിധികളാണെന്നും അദ്ദേഹം പ്രതിപക്ഷത്തെ വിമർശിച്ചു.

വർഷങ്ങൾക്ക് മുന്നേ രാമക്ഷേത്രം ഞങ്ങളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയപ്പോൾ അവർ അതിനെ വിമർശിച്ചു. ഈ വാഗ്ദാനങ്ങൾ നടക്കാൻ പോകുന്നില്ലെന്നും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള തന്ത്രമാണെന്നും അവർ പ്രചരിപ്പിച്ചു. എന്നാൽ ബിജെപി സർക്കാർ അതിന്റെ വാഗ്ദാനങ്ങൾ ഓരോന്നോരോന്നായി നടപ്പിലാക്കി. ഭരണഘടനാ വകുപ്പ് 370 റദ്ദാക്കി, അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു, മുത്തലാക്ക് നിരോധിച്ചു, രാജ്യം ഏകീകൃത സിവിൽകോഡിലേക്ക് നീങ്ങുന്നു. പറയുന്നതെല്ലാം നടപ്പാക്കുന്ന സർക്കാരാണ് മോദി സർക്കാർ. അദ്ദേഹം പറഞ്ഞു.

ലാൽകൃഷ്ണ അദ്വാനിയാണ് പാർട്ടിക്ക് വേണ്ടി ഈ പോരാട്ടത്തിന് തിരികൊളുത്തിയത്. പ്രധാനമന്ത്രി മോദി അത് പൂർത്തിയാക്കി. പ്രാണപ്രതിഷ്ഠയോടെ പൂർത്തിയായത് അഞ്ച് നൂറ്റാണ്ടുകൾ നീണ്ട പോരാട്ടമായിരുന്നു. 1528 മുതൽ ഈ പോരാട്ടം തുടങ്ങിയിരുന്നു. നിയമ പോരാട്ടം തുടങ്ങിയതാകട്ടെ 1858 മുതലും. ലോക ചരിത്രത്തിൽ മറ്റൊരിടത്തും ഭൂരിപക്ഷ സമൂഹത്തിന് ഇത്രയും നീണ്ട നിയമ പോരാട്ടം നേരിടേണ്ടി വന്നിട്ടില്ല. രാമജന്മഭുമിക്ക് വേണ്ടിയുള്ള പോരാട്ടം ഒഴിവാക്കി ആർക്കും ഇന്ത്യയുടെ ചരിത്രം വായിക്കാനാകില്ല. രാജ്യ സുരക്ഷയുടെ കാര്യത്തിലും സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈന 1962 ൽ ചെയ്തകാര്യം ആവർത്തിക്കാൻ ശ്രമിച്ചു. എന്നാൽ അന്നത്തേതിൽ നിന്ന് വിഭിന്നമായി അവർക്ക് നമ്മുടെ രാജ്യത്തിന്റെ ഒരിഞ്ചു ഭൂമി പോലും നേടാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles