ബംഗളുരു: മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന് വേണ്ടി യോജ്യരായ 10 അംഗങ്ങളെ രണ്ട് മാസത്തിനുള്ളില്‍ വ്യോമസേന തെരഞ്ഞെടുക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. ഈ പത്ത് പേരില്‍ നിന്നാകും ചരിത്രദൗത്യത്തിന് വേണ്ടിയുള്ള മൂന്ന് പേരെ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗഗന്‍യാന് വേണ്ടിയുള്ള ബഹിരാകാശ യാത്രികരെ തിരഞ്ഞെടുക്കാനും അവര്‍ക്ക് പരിശീലനം നല്‍കുന്നതിനുമായുള്ള ചുമതല വ്യോമസേന ഏറ്റെടുത്തിരുന്നു. ഇത് സംബന്ധിച്ചുള്ള കരാറില്‍ വ്യോമസേനയും ഐഎസ്ആര്‍ഒയും കഴിഞ്ഞ മാസമാണ് ഒപ്പു വച്ചത്.
ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ മീറ്റിംഗ് കഴിഞ്ഞ ദിവസം നടന്നതായും അദ്ദേഹം വ്യക്തമാക്കി. യാത്രികരെ തെരഞ്ഞെടുക്കാനും പരിശീലിപ്പിക്കുന്നതിനുള്ള ചുമതല വ്യോമസേനക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2021ഓടെ മൂന്ന് പേരെ ബഹിരാകാശത്ത് എത്തിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനത്തിന്റെ കൂടുതല്‍ ഭാഗവും ഇന്ത്യയിലായിരിക്കും, ഇതിന് പുറമെ വിദേശത്ത് നിന്നുള്ള വിദഗ്ധരുടെ സഹായവും ഉപയോഗിക്കുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍ വ്യക്തമാക്കി.

