Tuesday, May 21, 2024
spot_img

രോഷം അടങ്ങുന്നില്ല, പ്രണബ് മുഖര്‍ജിയെ അപമാനിച്ച് ഗാന്ധി കുടുംബം, ഭാരതരത്ന ചടങ്ങ് ബഹിഷ്കരിച്ചു

ദില്ലി: രാജ്യം കണ്ട ഏറ്റവും നല്ല രാഷ്ട്രതന്ത്രജ്ഞന്മാരില്‍ ഒരാളും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിക്ക് ഭാരതരത്ന നല്‍കുന്ന ചടങ്ങ് ബഹിഷ്കരിച്ച് സോണിയ ഗാന്ധി കുടുംബം. വ്യാഴാഴ്ച വൈകുന്നേരം രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ നിന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടു നിന്നു. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും ചടങ്ങിനെത്തിയില്ല. ഇവര്‍ക്കെല്ലാം രാഷ്ട്രപതി ഭവന്‍ ക്ഷണക്കത്ത് നല്‍കിയതായാണ് വിവരം.

ഔദ്യോഗിക ബഹിഷ്കരണം അല്ലെങ്കിലും പ്രണബ് മുഖര്‍ജിയോട് സോണിയ ഗാന്ധിക്കുള്ള അതൃപ്തിയാണ് ഇതിലൂടെ വെളിവായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ദിരാഗാന്ധിയുടെ സഹ പ്രവര്‍ത്തകനുമായിരുന്നു പ്രണബ് ദാ എന്ന് എല്ലാവരും വിളിക്കുന്ന പ്രണബ് കുമാര്‍ മുഖര്‍ജി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കാലഘട്ടത്തിലും കേന്ദ്രമന്ത്രിസഭകളില്‍ അംഗമായിരുന്ന കാലത്തും പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എന്നും ആശ്രയിച്ചിരുന്നത് പ്രണബ് ദായെയായിരുന്നു.

2004ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രധാനമന്ത്രിയാകാനില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിയിലും പുറത്തും എല്ലാവരും പ്രതീക്ഷിച്ചത് പ്രണബ് മുഖര്‍ജി ആസ്ഥാനത്തേക്ക് വരും എന്നായിരുന്നു. എന്നാല്‍ പ്രണബിനെ തഴഞ്ഞ് തന്‍റെ വിശ്വസ്തനും ചൊല്‍പ്പടിക്ക് നില്‍ക്കുന്നയാളുമായ ഡോ. മന്‍മോഹന്‍ സിംഗിനെ ആണ് സോണിയ ഗാന്ധി രാജ്യഭരണം ഏല്‍പ്പിച്ചത്. അതോടെയാണ് പ്രണബ് മുഖര്‍ജി കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നത്.

പിന്നീട് രാഷ്ട്രപതിയായപ്പോഴും ആ വിടവ് തുടര്‍ന്നു. 2014ല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുമായുള്ള വ്യക്തി ബന്ധവും മോദിയെ അദ്ദേഹം പ്രകീര്‍ത്തിച്ചതും രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ ശേഷം നാഗ് പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് ചടങ്ങില്‍ പങ്കെടുത്തതുമെല്ലാം കോണ്‍ഗ്രസിനെ ചൊടിപ്പിച്ച നടപടികളായി.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം പ്രണബ് മുഖര്‍ജിക്ക് സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് സോണിയ കുടുംബം ഒഴിവാക്കിയത് വളരെ വില കുറഞ്ഞ നടപടിയായിപ്പോയി എന്ന് പൊതുവിമര്‍ശനം ഉയരുന്നുണ്ട്.

Related Articles

Latest Articles