Friday, May 10, 2024
spot_img

ജമ്മു കശ്മീര്‍ ബാങ്കില്‍ ഏഴ് കോടി അഴിമതി നടത്തിയതില്‍ ഫറൂഖ് അബ്ദുള്ളയ്ക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്; പണത്തട്ടിപ്പിനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയത് ഫറൂഖിന്‍റെ പിന്തുണയിലെന്ന് തെളിവ്

ദില്ലി: ജമ്മു കശ്മീര്‍ ബാങ്കില്‍ ഏഴ് കോടിയുടെ അഴിമതി നടത്തിയതില്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ്. ജമ്മു കശ്മീര്‍ ബാങ്കില്‍ നിന്നും അഴിമതി നടത്തിയവര്‍ ഫറൂഖ് അബ്ദുള്ളയോട് അടുത്ത വൃത്തങ്ങളാണ്. ഇയാളുടെ പിന്തുണയിലാണ് തട്ടിപ്പ് നടത്തിയതെന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് അറിയിച്ചു.

കേസിലെ പ്രതിയായ അഹ്‌സാന്‍ മിര്‍സയ്ക്കും മറ്റ് ആളുകള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുന്നതിനും മറ്റുമുള്ള സഹായങ്ങള്‍ ഒമര്‍ അബ്ദുള്ളയാണ് ചെയ്തു നല്‍കിയത്. ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായിരിക്കേയാണ് ഈ അഴിമതികള്‍ നടന്നിട്ടുള്ളത്. ഒമര്‍ അബ്ദുള്ളയുടെ മറവില്‍ മിര്‍സ ക്രിക്കറ്റ് അസോസിയേഷനില്‍ കയറിപ്പറ്റിയാണ് പണത്തട്ടിപ്പുകള്‍ നടത്തിയത്.

ക്രിക്കറ്റ് അസോസിയേഷന്‍റെ ബാങ്ക് അക്കൗണ്ടിന് സമാന്തരമായി അക്കൗണ്ടുകള്‍ തുറന്ന് അതിലേക്ക് കോടികള്‍ വെട്ടിച്ചെന്നാണ് കേസ്. ഇതിന് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഒരാളും വഴിവിട്ട സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിനുശേഷം ക്രിക്കറ്റ് അസോസിയേഷന്‍റെ ട്രഷററായി മിര്‍ മന്‍സൂര്‍ ഗസന്‍ഫറിനെ തെരഞ്ഞെടുത്തതോടെയാണ് ഈ കള്ളക്കളികളെല്ലാം പുറത്തായത്. ഇതു പ്രകാരം 2002 – 2011 കാലയളവില്‍ ബി സി സി ഐ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 112 കോടി നല്‍കിയിട്ടുണ്ട്. ഈ തുക ചെലവഴിച്ചതിലും അഴിമതിയുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് 2018 ല്‍ ഫറൂഖ് അബ്ദുള്ളയുടെയും മറ്റു മൂന്ന് ആളുകളുടെയും പേരില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ഫറൂഖ് അബ്ദുള്ള, മുന്‍ ജനറല്‍ സെക്രട്ടറി എം.ഡി. സലിം ഖാന്‍, ട്രഷറര്‍ അഹ്‌സന്‍ അഹമ്മദ് മിര്‍സ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവര്‍ക്കെതിരെയായിരുന്നു സി.ബി.ഐ കേസ്. ഇതിന്‍റെ ഭാഗമായുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കേസില്‍ ഫറൂഖ് അബ്ദുള്ളയെ ചണ്ഡീഗഢില്‍ വെച്ച് അടുത്തിടെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

Related Articles

Latest Articles