Saturday, September 26, 2026

‘ശ്രമത്തിലാണ്, ഫലപ്രാപ്തിയിലല്ല സംതൃപ്തി ഉളവാകുന്നത്… സമ്പൂര്‍ണ്ണ ശ്രമം സമ്പൂര്‍ണ്ണ വിജയമാകുന്നു’; മഹാത്മാവിന്‍റെ സ്മരണകളുണര്‍ത്തി വീണ്ടും ഒരു ഗാന്ധിജയന്തി

ജാതി-മതഭേദമന്യേ എല്ലാവരും ഒരേ മനസോടെ ഗാന്ധിജിയെ ഓർക്കുന്ന ദിനമാണ് ഗാന്ധി ജയന്തി. ഇന്ത്യയുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജന്മദിനമാണ് ഗാന്ധി ജയന്തിയായി രാജ്യം ആചരിക്കുന്നത്. എന്നാല്‍ ഈ ദിവസം രാജ്യാന്തര അഹിംസാ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന ഗാന്ധിജി, ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. ഇതിലൂടെ ഗാന്ധിജി പകര്‍ന്ന് നല്‍കിയത് പുതിയൊരു സമരസിദ്ധാന്തമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്യം എന്ന ആ മഹാഭാഗ്യം നേടിത്തന്നതില്‍ പ്രധാന പങ്കുവഹിച്ച മഹദ് വ്യക്തിയായിരുന്നു മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന നമ്മുടെയെല്ലാം ഗാന്ധിജി.

1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറില്‍ കരംചന്ദ് ഗാന്ധിയുടെയും പുത്‌ലിഭായ് ഗാന്ധിയുടെയും മകനായി ജനിച്ചു. രാജ്‌കോട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഗാന്ധിജി ഇംഗ്ലണ്ടില്‍ നിയമപഠനം പൂര്‍ത്തിയാക്കി. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അഹിംസയിലൂടെയും സത്യാഗ്രഹമെന്ന സമരമുറയിലൂടെയുമാണ് അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. ഏറ്റവും കഠിനമായ പ്രതിസന്ധിഘട്ടങ്ങളില്‍ പോലും സത്യം, അഹിംസ എന്നീ മൂല്യങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കാനും ജീവിതചര്യയാക്കി മാറ്റുന്നതിനും മഹാത്മാഗാന്ധി ശ്രദ്ധിച്ചു. ഈ ഗാന്ധി ജയന്തി ദിനത്തില്‍ അഹിംസയെ ആയുധമാക്കിയ ആ മഹാത്മാവിനെ നമുക്ക് ഓര്‍ക്കാം.

Related Articles

Latest Articles