Thursday, January 8, 2026

വീണ്ടും ലഹരി വേട്ട; കുഴിച്ചിട്ട 2.200 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് പോലീസ്; മുഖ്യപ്രതി അറസ്റ്റിൽ

അടിമാലി: മാങ്കടവിൽ നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. മാങ്കടവ് ചുട്ടിശേരി വീട്ടിൽ ഷിബു കുര്യക്കോസ് (48) എന്നയാളെ 2.200 കിലോഗ്രാം കഞ്ചാവുമായി അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് ആണ് അറസ്റ്റ് ചെയ്തത്. നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി ഇ ഷൈബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. രണ്ടാം പ്രതി മാങ്കടവ് പെരുമാപ്പറമ്പിൽ വീട്ടിൽ ഷൈബി ഓടി രക്ഷപെട്ടു.

കഴിഞ്ഞയാഴ്ച മാങ്കടവിൽ നിന്ന് ഒരു കിലോ കഞ്ചാവുമായി ഓട്ടോഡ്രൈവർ നാർകോട്ടിക് സ്ക്വാഡിന്റെ പിടിയിലായിരുന്നു. ഈ കേസിലെ രണ്ടാം പ്രതി ഷൈബി, ഷിബുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീണ്ടും കഞ്ചാവ് കണ്ടെത്തിയത്. വീട്ടിലേക്ക് ഉദ്യോഗസ്ഥർ നടന്ന് എത്തിയപ്പോഴേക്കും പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് ഷൈബി ചെങ്കുത്തായ മലയിലുടെ ഓടി രക്ഷപെട്ടു.

ആൾതാമസം കുറവുള്ള ഈ പ്രദേശത്ത് കഞ്ചാവ് എത്തിച്ച് പറമ്പിൽ കുഴിച്ചിട്ട് ആവശ്യക്കാർ എത്തുമ്പോൾ നൽകുമായിരുന്നു. ഒന്നിലധികം കഞ്ചാവ് കേസുകളിൽ പ്രതിയും കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനുമായ ഷൈബിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles