കൊച്ചി: സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ‘അനൗദ്യോഗിക ഉപദേശക’നാണ് താനെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ്. മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് സമരത്തിന്‍റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ് മുത്തൂറ്റ് മുഖ്യമന്ത്രിയുമായുള്ള ബന്ധം വിവരിച്ചത്. പിണറായിയുമായി നല്ല ബന്ധമാണുള്ളത്. ‘പിണറായി ചേട്ടന്‍’ എന്നാണ് വിളിക്കുന്നത്. സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ അദ്ദേഹത്തിന്‍റെ ‘അനൗദ്യോഗിക ഉപദേശക’നാണ് താന്‍. സമരം തുടങ്ങിയതിനു ശേഷം മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്നും ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയാണ്. ജോലിക്കെത്തുന്നവരെ തടയരുതെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും ഇതെല്ലാം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ് പൊലീസ്. സംസ്ഥാന പൊലീസ് ഈ സമീപനം തുടര്‍ന്നാല്‍ സുരക്ഷയ്ക്കായി കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

