Sunday, May 19, 2024
spot_img

കോൺഗ്രസിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദ് ആദ്യമായി പൊതുവേദിയിൽ; ആദ്യപൊതുറാലിയും ഇന്ന്; പുതിയ പാർട്ടിയുടെ പ്രഖ്യാപനവും ഇന്ന് ഉണ്ടായേക്കും;എന്തെല്ലാം തുറന്ന് പറയുമെന്ന് ഉറ്റുനോക്കി രാജ്യം

ദില്ലി: കോൺഗ്രസിൽ നിന്ന് രാജിവച്ച ഗുലാം നബി ആസാദ് ഇന്ന് ജമ്മു കശ്മീരിൽ പൊതുസമ്മേളനം നടത്തും. പാർട്ടി വിട്ട ശേഷം ഇതാദ്യമായാണ് അദ്ദേഹം പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞദിവസം ജമ്മുകശ്മീരിൽ എത്തിയ ഗുലാം നബി ആസാദ് വിവിധ യോഗങ്ങളിൽ പങ്കെടുക്കുകയും താഴെത്തട്ടിൽ ഉള്ള നേതാക്കളുമായി കൂടികാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പുതിയ പാർട്ടിയുടെ പ്രഖ്യാപനവും അദ്ദേഹം ഉടൻ നടത്തുമെന്നാണ് അറിവ്. ജമ്മുവില്‍ ഗുലാം നബി എന്തെല്ലാം തുറന്ന് പറയുമെന്നതാണ് കോണ്‍ഗ്രസ് ക്യാമ്പുകള്‍ ഉറ്റുനോക്കുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്.

പ്രധാനമന്ത്രി മോദി മികച്ച നേതാവാണെന്ന്‌ പറയുന്ന ഗുലാം നബി ആസാദിന്‍റെ നിലപാട് കോൺഗ്രസിന് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഇന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. ഇതിനടക്കം മറുപടി ഗുലാം നബി റാലിയില്‍ നല്‍കാനുള്ള സാധ്യത കൂടുതലാണ്. രാജിക്കത്തില്‍ ഗുരുതരമായ വിമര്‍ശനങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരുന്നത്. പാർട്ടിയുടെ സംഘടന തെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ നേതാക്കൾ ചർച്ച ചെയ്തതായാണ് വിവരം. പാർട്ടി വിടാനുള്ള തീരുമാനം ഒറ്റ ദിവസം കൊണ്ട് എടുത്തതല്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിരുന്നു. പ്രശ്നപരിഹാരത്തിന് ഏറെ നാൾ കാത്തിരുന്നു. നേതൃത്വത്തിന് ഇതിന് സമയമില്ലായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles