കൊല്ലം : നെടുമണ്‍കാവ് ഇളവൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ ഇതുവരെയും കണ്ടെത്താനായില്ല.രാവിലെ 10 മണിക്ക് ശേഷമാണ് സംഭവം. പൊന്നു എന്ന് വിളിക്കുന്ന ദേവനന്ദയാണ് കാണാതായിരിക്കുന്നത്. കുട്ടിയുടെ അമ്മ ധന്യ തുണികഴുകാന്‍ പോകുമ്പോള്‍ ദേവനന്ദ വീട്ടിലുണ്ടായിരുന്നു. അമ്മയുടെ പിന്നാലെ എത്തിയ കുഞ്ഞിനോട് അമ്മ അകത്തുപോയിരിക്കാന്‍ പറഞ്ഞു. ദേവനന്ദ അകത്തേക്ക് പോകുന്നത് കണ്ടശേഷമാണ് ധന്യ തുണി കഴുകാന്‍ പോയത്. എന്നാല്‍ തിരികെ വന്നപ്പോള്‍ ദേവനന്ദയെ കണ്ടില്ല. വീടിന് സമീപത്ത് വേറെ വാഹനങ്ങള്‍ വന്ന ശബ്ദം കേട്ടില്ലെന്നും ധന്യ പറയുന്നു. വീടിന് പുറത്തോ റോഡിലോ ഒന്നും കുട്ടി കളിക്കാനും പോകാറില്ല.
കൊല്ലം ഇളവൂര്‍ തടത്തില്‍ മുക്കില്‍ ധനേഷ് ഭവനത്തിലെ പ്രതീപ് കുമാറിന്റെ മകളാണ് ദേവനന്ദ . രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വഷണം ഊര്‍ജിതമാക്കി.
കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങളും ഫെയ്‌സ്ബുക്ക് പേജില്‍ ചിത്രം പങ്കുവച്ചിട്ടുണ്ട്. സമീപത്തെ പുഴയില്‍ ഫയര്‍ഫോഴ്‌സെത്തി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കുട്ടിയെ കിട്ടി എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പൊലീസ് വ്യക്തമാക്കി.

