Tuesday, November 3, 2026

പേരയ്ക്ക പറിച്ചതിന് പെൺകുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ചു !! നടുക്കുന്ന ക്രൂരത ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിൽ

ഷിംല : വീട്ടുവളപ്പിൽനിന്ന് പേരയ്ക്ക എടുത്തെന്ന് ആരോപിച്ച് പെൺകുട്ടിയെ കെട്ടിയിട്ട് മർദ്ദിച്ചു. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീട്ടുവളപ്പിലെ മരത്തിൽനിന്ന് പേരയ്ക്ക പറിച്ചെന്ന് പറഞ്ഞാണ് പ്രദേശവാസി അന്യസംസ്ഥാന തൊഴിലാളിയുടെ പെൺകുട്ടിയെ മർദിച്ചതെന്നാണ് വിവരം.

പേരയ്ക്ക പറിച്ചതിന് പിന്നാലെ ഇയാൾ പെൺകുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർന്ന് ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥനാണ് ഇതിന്റെ വീഡിയോ പകർത്തിയത്. ഇദ്ദേഹം ഇയാളെ ചോദ്യം ചെയ്‌തെങ്കിലും പെൺകുട്ടിയെ കെട്ടിയിട്ടതിനെ പ്രദേശവാസി ന്യായീകരിക്കുന്നതും വീഡിയോയിലുണ്ട്.

രക്ഷിക്കാൻ അഭ്യർഥിച്ച് പെൺകുട്ടി നിർത്താതെ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ, പെൺകുട്ടി കരഞ്ഞുപറഞ്ഞിട്ടും പ്രദേശവാസി കുട്ടിയെ വെറുതെവിട്ടില്ല. തുടർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിച്ചു. ഇതോടെയാണ് പ്രദേശവാസി പെൺകുട്ടിയെ കെട്ടഴിച്ചുവിട്ടത്. തുടർന്ന് ഇയാൾ പെൺകുട്ടിയുടെ കുടുംബത്തോട് ക്ഷമാപണം നടത്തുകയുംചെയ്തു. അതേസമയം, സംഭവത്തിൽ സ്വമേധയാ കേസെടുത്തതായി പോലീസ് അറിയിച്ചു.

Related Articles

Latest Articles