പത്തനംതിട്ട: ശബരിമല ശ്രീകോവിലിനുമുകളില്‍ സ്വർണം പൊതിഞ്ഞ ഭാഗത്ത് ഉണ്ടായ ചോര്‍ച്ച പുഷ്പാലങ്കാരത്തിനായി ആണിയടിച്ചതുമൂലമെന്ന് സംശയം. മകരവിളക്കുപോലെയുള്ള സുപ്രധാന ദിവസങ്ങളില്‍ സന്നിധാനമാകെ അലങ്കരിക്കുന്നതിനൊപ്പം ശ്രീകോവിലിന്റെ മുകള്‍ഭാഗവും പുഷ്പങ്ങളാല്‍ സാധാരണ അലങ്കരിക്കാറുണ്ട്. ഈ സാഹചര്യത്തിൽ ശ്രീകോവിലിനുമുകളില്‍ ആണിയടിച്ചിട്ടുണ്ടോയെന്നാണ് ദേവസ്വം അധികൃതരുടെ സംശയം.
ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ശ്രീകോവിലിനുമുകളില്‍ കയറി പരിശോധിച്ചാല്‍ മാത്രമേ ലഭിക്കുകയുള്ളു. ശ്രീകോവിലിനകത്തും പുറത്തുമാണ് ചോര്‍ച്ചയുള്ളത്. മഴ പെയ്യുന്ന സമയത്ത് അകത്ത് നേരിയ തോതില്‍ ചുമരിലൂടെ വെള്ളം ഊര്‍ന്നിറങ്ങുന്നുണ്ട്. സ്വർണ്ണം പൊതിഞ്ഞ ഭാഗത്തെ ചോര്‍ച്ചയിലൂടെ വെള്ളം കഴുക്കോലിലൂടെ ദ്വാരപാലക ശില്പങ്ങളിൽ ആണ് വീഴുന്നത്. ഈ ഭാഗത്താണ് ചോര്‍ച്ച അധികവും.
ആഗസ്റ്റ് മൂന്നിന് ശ്രീകോവിലിലെ സ്വര്‍ണ്ണ പാളികള്‍ ഇളക്കി പരിശോധന നടത്താൻ ചൊവ്വാഴ്ച ചേര്‍ന്ന അടിയന്തര ബോര്‍ഡ് യോഗം തീരുമാനിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനര്, തിരുവാഭരണം കമ്മിഷണര്‍ ജി.ബൈജു എന്നിവരുെട സാന്നിധ്യത്തിലാകും പരിശോധന നടത്തുക. നിറപുത്തിരി പൂജകള്‍ക്കായി നട തുറക്കുന്നത് അടുത്തമാസം മൂന്നിനായതിനാല്‍ തീര്‍ഥാടനത്തെ ബാധിക്കാതെയാകും പരിശോധന. ചെലവ്, ജോലികള്‍ എത്രനാള്‍ നീളും എന്നിവയെല്ലാം നിര്‍ണയിക്കുന്നതാകും പരിശോധന. കൂടുതല്‍ സ്വര്‍ണം ആവശ്യമായി വന്നാല്‍ കരുതല്‍ ശേഖരത്തില്‍നിന്ന് എടുക്കാനാണ് തീരുമാനം. പരമാവധി ഒന്നരമാസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശ്രീകോവിലിലെ മേല്‍ക്കൂര പരിശോധിക്കുന്നതിനുവേണ്ട അനുജ്ഞ ഭഗവാനില്‍ നിന്നും ക്ഷേത്ര തന്ത്രിയില്‍ നിന്നും നേരത്തെ വാങ്ങിയിട്ടുണ്ടായിരുന്നു.
ശ്രീകോവിലിലെ ചോര്‍ച്ച രൂക്ഷമായത് മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ ശക്തമായ മഴപെയ്ത ദിവസമാണ്. ഇത് അന്ന് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. പിന്നീട് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ അറ്റകുറ്റപ്പണി നടത്താന്‍ ആലോചിച്ചെങ്കിലും, ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തിയാല്‍ മതിയെന്ന് പ്രസിഡന്റ് അറിയിക്കുകയായിരുന്നു.
ശ്രീകോവിലിലെ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി അറ്റകുറ്റപ്പണികള്‍ വേഗം പൂര്‍ത്തീകരിക്കും.ജോലികള്‍ തുടങ്ങാന്‍ കാലതാമസം നേരിടുമെന്നതിനാലാണ് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിച്ചത്. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ സാന്നിദ്ധ്യവും മൂന്നാം തീയതി ഉണ്ടാകും. മേല്‍ക്കൂരയിലെ ചോര്‍ച്ച മാറ്റുന്ന സമയത്ത് ആവശ്യമായുള്ള സ്വര്‍ണ്ണവും മറ്റ് പണി ചെലവുകളും ദേവസ്വം ബോര്‍ഡ് വഹിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു. 45 ദിവസത്തിനകം ചോര്‍ച്ച മാറ്റുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാനുള്ള ബോര്‍ഡിന്‍റെ ഉത്തരവ് ദേവസ്വം ബോര്‍ഡ് ചീഫ് എഞ്ചീനിയര്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍, തിരുവാഭരണം കമ്മീഷണര്‍ എന്നിവര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

