Wednesday, December 31, 2025

വിമാനത്താവള സ്വര്‍ണ്ണക്കടത്ത്; മുഖ്യ ഇടനിലക്കാരന്‍ ബിജുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കടത്തു കേസിലെ മുഖ്യ ഇടനിലക്കാരന്‍ ബിജുവിന്റെ ജാമ്യാപേക്ഷയും, കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

കൂടുതല്‍ ചോദ്യം ചെയ്യലിനായി ബിജുവിനെ കസ്റ്റഡിയില്‍ വേണമെന്ന് ഡിആര്‍ഐ കോടതിയില്‍ ആവശ്യപ്പെടും. വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയത് തിരുവനന്തപുരത്തെ പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദ് അലിക്കു വേണ്ടിയാണെന്നാണ് ബിജു മൊഴി നല്‍കിയിരുന്നു.

ഇന്നലെ രാവിലെ 10.30 ഓടെ കൊച്ചി പാലാരിവട്ടത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഓഫീസിലെത്തിയാണ് അഭിഭാഷകനായ ബിജു കീഴടങ്ങിയത്. നീണ്ട 7 മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷമാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഇന്നലെ പത്തു മണിക്കകം കീഴടങ്ങാന്‍ ഹൈക്കോടതിബിജുവിന്റെ അഭിഭാഷകനോട് നിര്‍ദേശിച്ചിരുന്നു. ബിജു നേരിട്ടും കാരിയര്‍മാര്‍ വഴിയും പല തവണ സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐ കണ്ടെത്തി.

വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ ബിജുവിന്റെ ഭാര്യ വിനീതയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. വിനീത വഴിയും ഇയാള്‍ പല തവണ സ്വര്‍ണ്ണം കടത്തിയിട്ടുണ്ട്.

Related Articles

Latest Articles