കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറോടിച്ച് എത്തിയവർ രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ചു വന്നവർ ക്ഷേത്രച്ചിറയിൽ വീഴാതെ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടത്.
കഴിഞ്ഞദിവസം രാവിലെ 11.30നായിരുന്നു സംഭവം. ചിറവക്ക് ജംഗ്ഷനിൽനിന്നു രാജരാജേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡ് ക്ഷേത്രച്ചിറയ്ക്കുമുന്നിലാണ് അവസാനിക്കുന്നത്. ഇവിടെ ചിറയിലേക്ക് ഇറങ്ങാൻ ഏഴു പടവുകൾ മാത്രമാണുള്ളത്. ഇതുവഴി കാൽനടയാത്രക്കാർ മാത്രമേ പോകാറുള്ളൂ.
കാഞ്ഞങ്ങാടുനിന്നുവന്ന യാത്രക്കാർ ഗൂഗിൾ മാപ്പിലെ വഴിയിലൂടെ വരികയും ചിറയ്ക്കു സമീപത്തേക്കു കാർ വീഴുകയുമായിരുന്നു. അല്പംകൂടി മാറിയിരുന്നുവെങ്കിൽ കാർ ചിറയിലേക്കു പതിച്ചേനെ. ഏറെസമയമെടുത്താണു കാർ ഇവിടെനിന്നു നീക്കംചെയ്തത്. യാത്രക്കാർ സുരക്ഷിതരാണ്.

