Friday, September 25, 2026

പതിനാലുകാരനെ ക്രൂരമായി മർദ്ദിച്ചു; പ്രതികൾ പിടിയിൽ

തിരുവനന്തപുരം: മൊബൈൽഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പതിന്നാലുകാരനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. തടികൊണ്ടുള്ള അടിയേറ്റ് കൈയും കാലും ഒടിഞ്ഞ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആനയറ ഊളൻകുഴി രാജന്‍റെ മകൻ നീരജിനാണ് മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റത്. പ്രതികൾക്കെതിരേ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു.

കണ്ണമ്മൂല പുത്തൻപാലം വയൽ നികത്തിയ വീട്ടിൽ ആർ അരുൺ(33), കൊല്ലൂർ തോട്ടുവരമ്പ് വീട്ടിൽ ബി രാജേഷ്(34) എന്നിവർ ചേർന്നാണ് വാതിൽപൊളിച്ച് വീടിനുള്ളിൽ കടന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചത്.

22-ന് രാത്രി 11നാണ് ഇരുവരും ചേർന്ന് നീരജിനെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കൾ വേർപെട്ട് കഴിയുന്നതിനാൽ മിക്കവാറും കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരിക്കും. ഈ സാഹചര്യം മുതലെടുത്തായിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു.

നീരജിന്‍റെ അച്ഛന്‍റെ സുഹൃത്താണ് പ്രതികൾ. ഇവർ കുട്ടിയുടെ വീടിനു സമീപമിരുന്ന് കഴിഞ്ഞ ദിവസം മദ്യപിച്ചിരുന്നു. ഇതിനിടെ പ്രതികളുടെ മൊബൈൽഫോൺ കാണാതായി. ഫോൺ നീരജ് എടുത്തതാണെന്ന സംശയത്തിലായിരുന്നു മർദനം.

Related Articles

Latest Articles