Monday, May 20, 2024
spot_img

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ മുന്‍ സ്‌പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ട്

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി എറ്റെടുക്കലില്‍ പൊരുത്തക്കേട് ഉണ്ടെന്ന് മുന്‍ സ്പെഷ്യല്‍ പ്ലീഡര്‍ സുശീല ഭട്ട്. കോടതിയില്‍ പണം കെട്ടിവച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള നടപടി സര്‍ക്കാരിന് തന്നെ തിരിച്ചടിയാകുമെന്നും അവര്‍ കുറ്റപ്പെടുത്തി.

പാട്ടക്കരാര്‍ വ്യവസ്ഥ ലംഘിച്ച് തുടരുന്ന ഭൂമിയും സര്‍ക്കാരിലേക്ക് വരേണ്ടതും തുക നല്‍കി വാങ്ങുന്ന രീതിയാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇത് ഒത്തുകളിയാണ്. ഹാരിസണ്‍ മലയാളത്തിന്റെ ഉള്‍പ്പടെ നിരവധി ഭൂമിക്കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിക്കേസ് തന്നെ എല്ലായിടത്തും ഇനി നടപ്പിലാക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ അറിയിച്ചു.

ശബരിമല വിമാനത്താവളം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുവള്ളി എസ്റ്റേറ്റ് വിപണി വില കെട്ടിവെച്ച് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നടപടി വിവാദം സൃഷ്ടിക്കുന്നതും ഒപ്പം ദുരൂഹവുമാണ്. ഹാരിസണ്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റതാണ് ചെറുവള്ളി എസ്റ്റേറ്റ്.

എന്നാല്‍ ഹാരിസണ്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും അത് അവകാശം സ്ഥാപിച്ച് തിരിച്ചേറ്റെടുക്കണമെന്നും കാണിച്ച് സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടി ഹൈക്കോടതി പിന്നീട് റദ്ദാക്കി. പക്ഷേ ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ സര്‍ക്കാറിന് സിവില്‍ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി രാജമാണിക്യം റിപ്പോര്‍ട്ട് തടഞ്ഞത്.

ഇഎഫ്എല്‍ എന്നത് വനഭൂമിയാണ്. ഈ ഭൂമി നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നതോടെ വ്യാജ പ്രമാണം ഉപയോഗിച്ച് സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നവരെ സഹായിക്കലാണ് നടക്കാന്‍ പോകുന്നതെന്ന് സുശീല ഭട്ട് കുറ്റപ്പെടുത്തി.

Related Articles

Latest Articles