Sunday, May 19, 2024
spot_img

വരുമാനം കൂട്ടാന്‍ എന്തും ചെയ്യുന്ന കോണ്‍ഗ്രസ്: മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: രാജ്യത്ത് മദ്യത്തിന്‍റെ ഉപഭോഗം കുറയ്ക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കുമ്പോള്‍ അതിന് പ്രോത്സാഹനം നല്‍കി രാജസ്ഥാന്‍ സര്‍ക്കാര്‍. കൂടുതല്‍ മദ്യം വിറ്റഴിച്ച് നികുതി വര്‍ധിപ്പിച്ച് നല്‍കണമെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ബാറുകള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം മദ്യത്തിന്‍റെ വിലയും, വില്‍പ്പന നികുതിയും വര്‍ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വരുമാനം കുറയുമോയെന്ന ഭീതിയിലാണ് സര്‍ക്കാര്‍ വില്‍പ്പന കൂട്ടാനും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍ ബാര്‍ ഹോട്ടലുകള്‍ക്കും റസ്‌റ്റോറന്‍റുകള്‍ക്കും നോട്ടീസ് നല്‍കിക്കഴിഞ്ഞു. മദ്യ വില്‍പ്പന 10 ശതമാനം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുന്നൂറോളം ബാറുകള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

മുന്‍ വര്‍ഷം കൂടുതല്‍ മദ്യം വിറ്റഴിച്ചെന്ന പേരില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പിഴ ഈടാക്കിയ ഹോട്ടലുകളോട് തന്നെയാണ് ഇപ്പോള്‍ നോട്ടീസ് അയച്ചത്. പത്തു ശതമാനം അധികം വിറ്റഴിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയയ്ക്കില്ലെന്ന് ഉറപ്പില്ലെന്നും ഹോട്ടല്‍ ബാര്‍ ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി ദിലീപ് തിവാരി കുറ്റപ്പെടുത്തി.

അതേസമയം സംസ്ഥാനത്ത് പ്രതിവര്‍ഷം ബാറുകളും മറ്റും പുതിയതായി ആരംഭിക്കുമ്പോള്‍ വില്‍പ്പന ഇടിയുകയാണ് ചെയ്യുന്നത്. നിലവിലെ വില്‍പ്പനയില്‍ നിന്നും 10 ശതമാനം വര്‍ധിപ്പിക്കണമെന്ന ആവശ്യം പിന്നെ നടപ്പാകുന്നത് എങ്ങിനെയെന്നും തിവാരി ചോദിച്ചു. ഇതു കൂടാതെ ഉത്പ്പന്നത്തിന്‍റെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ബാര്‍ ലൈസന്‍സിനുള്ള ഫീസ് ഏഴ് ലക്ഷം ആയിരുന്നത് ഇപ്പോള്‍ എട്ട് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ വാറ്റ് 20 ശതമാനം ആയിരുന്നത് 24 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്. ഇതെല്ലാം മദ്യവില്‍പ്പന കുറയ്ക്കാനുള്ള ഘടകങ്ങളാണെന്നും തിവാരി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles