Wednesday, May 22, 2024
spot_img

സുഗത സ്മൃതിയിൽ തലസ്ഥാനം; കവിതയും സാമൂഹ്യ പ്രവര്‍ത്തനവും ഒന്നായി കണ്ട് രണ്ടിലും മലയാളത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ് മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിയുടേതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ; സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾക്ക് തുടക്കമായി ;ചടങ്ങിന്റെ ആദ്യാവസാന നിമിഷങ്ങൾക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ സാക്ഷികളായത് പതിനായിരങ്ങൾ

തിരുവനന്തപുരം : കവിതയും സാമൂഹ്യ പ്രവര്‍ത്തനവും സുഗതകുമാരി ഒന്നായി കാണുകയും രണ്ടിലും മലയാളത്തിന് മറക്കാനാകാത്ത സംഭാവനകള്‍ നല്‍കുകയും ചെയ്തതായി ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുഗതകുമാരിയുടെ നവതി വർഷത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു

“അതുല്യ കവിതകള്‍ അവര്‍ നല്‍കി. പ്രകൃതിക്കും മനുഷ്യനും വേണ്ടി കവിതയെന്ന മാധ്യമത്തെ ഉപയോഗിച്ചു. പാരിസ്ഥിതിക ബോധവും സ്ത്രീശാക്തീകരണവും മനസ്സിലേക്ക് സന്നിവേശിപ്പിച്ചു. മനുഷ്യനുവേണ്ടി മാത്രമല്ല പ്രകൃതിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും വേണ്ടിയും നിലകൊണ്ടു. ” ഗവർണർ വാക്കുകകൾ ചുരുക്കുമ്പോൾ സദസിലുണ്ടായിരുന്ന എല്ലാരുടെയും മനസ്സിൽ ചെറു പുഞ്ചിരിയുമായുള്ള സുഗതകുമാരി ടീച്ചറിന്റെ മുഖം തെളിഞ്ഞിരുന്നു.

മുഴുവന്‍ നാടിന് വേണ്ടി ജീവിച്ച വ്യക്തിയാണ് സുഗതകുമാരിയെന്ന് ചടങ്ങിന്റെ അധ്യക്ഷനായ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടത്. മനുഷ്യാവകാശ പോരാട്ടത്തിന്റെ മുഖമായ സുഗതകുമാരി നമ്മുടെ മുന്നിലെ മാതൃകയാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

എല്ലാ ജീവജാലങ്ങളിലും തുടിക്കുന്ന ശക്തി ഒന്നാണെന്ന ഭാരതീയ ദര്‍ശനം സുഗതകുമാരിയുടെ കവിതകളില്‍ കാണാമെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സുഗതകുമാരിയുടെ കവിതയും പ്രകൃതിയും ഒന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ടാഗോര്‍ കവിതകളുടെ ഔന്നിത്യം സുഗതകുമാരി കവിതകളില്‍ ദര്‍ശിക്കാനാകുമെന്ന് ഡോ എം വി പിള്ള അഭിപ്രായപ്പെട്ടു.

മലയാള കവിതയുടെ ആത്മശോഭയായ സുഗതകുമാരി പരിസരമാകെ ശാന്തിയും സമാധാനവും വിരിയിച്ച കരുണയുടെ തണല്‍മരമാണെന്ന് ഡോ.ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.

സുഗതകുമാരിയുടെ ഓര്‍മ്മകള്‍ എക്കാലവും പ്രചോദനമായിരിക്കുമെന്ന് മുന്‍ സ്വീക്കര്‍ എം.വിജയകുമാര്‍ പറഞ്ഞു. സുഗതകുമാരി ജീവിച്ചിരിക്കുമ്പോള്‍ നവതിയാഘോഷിക്കണമെന്നതായിരുന്നു ആഗ്രഹം. അത് സാധ്യമാകാത്തിന്റെ നഷ്ടബോധത്തിലാണ് നില്‍ക്കുന്നത് അദ്ദേഹം പറഞ്ഞു.

നാളെ നമുക്ക് ഭൂമിയില്‍ ജീവിക്കണമെന്നുണ്ടെങ്കില്‍ നാം ഭൂമിയെ സ്‌നേഹിക്കണം എന്നാണ് സുഗതകുമാരി പറഞ്ഞതെന്ന് ഗാന്ധിയന്‍ ഡോ.എം.രാധാകൃഷ്ണര്‍ പറഞ്ഞു. പി എന്‍ ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. എം ആര്‍ തമ്പാന്‍ എഡിറ്റ് ചെയ്ത ‘സുഗതസ്മൃതി’ ഗ്രന്ഥത്തിന്റെ മൂന്നാം പതിപ്പ് ഇഞ്ചക്കാട് ബാലചന്ദ്രന് നല്‍കി ഡോ ജി ശങ്കര്‍ പ്രകാശനം ചെയ്തു. ഡോ വി സുഭാഷ് ചന്ദ്രബോസ് പങ്കെടുത്തു

ഡോ. മണക്കാല ഗോപാലകൃഷ്ണന്റെ സുഗതകുമാരി കവിതകളുടെ സംഗീതാവിഷ്‌ക്കാരത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. സുഗതകുമാരിയുടെ ‘കൃഷ്ണാ നി എന്നെ അറിയില്ല’ എന്ന കവിതയുടെ നൃത്താവിഷ്‌കാരം ചലച്ചിത്രതാരവും നര്‍ത്തകിയുമായ ആശാ ശരത് നടത്തി.

ചടങ്ങിന്റെ ആദ്യാവസാന നിമിഷങ്ങൾക്ക് തത്വമയി നെറ്റ്‌വർക്കിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ സാക്ഷികളായി

Related Articles

Latest Articles