Tuesday, April 23, 2024
spot_img

കാസർകോട് ഇരട്ടക്കൊലപാതകം: ഗവർണർ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് തേടി

കാസർകോട് ഇരട്ടക്കൊലപാതകത്തിൽ ഗവർണർ ഇടപെട്ടു. മുഖ്യമന്ത്രിയിൽ നിന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അടിയന്തര റിപ്പോർട്ട് തേടി. പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലാണ് നടപടി. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്‍റെ തല്‍സ്ഥിതി അടിയന്തരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തി. ഉറ്റവരെ നഷ്ടപ്പെട്ടതിനു പുറമെ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് വൈകുന്നത് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ക്ക് ഏറെ സങ്കടമുണ്ടാക്കുന്നതാണെന്നും ചെന്നിത്തല അറിയിച്ചു

പെരിയ കല്യോട്ട് സ്വദേശികളും യൂത്ത് കോൺഗ്രസ് പ്രവത്തകരും ആയിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ കാസർകോട് പുല്ലൂർ പെരിയ പഞ്ചായത്തിലെ കല്ലിയോട്ടുവച്ചാണ് ഇരുവരേയും വെട്ടിക്കൊന്നത്. അതേസമയം, ഇരട്ടക്കൊലപാതക കേസിൽ യോഗം ചേര്‍ന്ന അന്വേഷണ സംഘം കേസിന്‍റെ പുരോഗതി വിലയിരുത്തി. മൊഴികൾ ഒത്തുനോക്കിയ അന്വേഷണ സംഘം വൈരുധ്യങ്ങളും പരിശോധിച്ചു.

Related Articles

Latest Articles