Monday, December 22, 2025

സിബിഐ, ഇ.ഡി തലവന്മാർക്ക് ഇനി അഞ്ചുവർഷം വരെ കാലാവധി; സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ

ദില്ലി: സിബിഐ, ഇഡി ഡയറക്‌ടർമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടി (Tenures Of CBI, ED Chiefs) കേന്ദ്ര സർ‌ക്കാർ. ഇതുസംബന്ധിച്ച് കേന്ദ്രം ഇറക്കിയ ഓർഡിനൻസിൽ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. നിലവിൽ 2 വർഷമാണ് കേന്ദ്ര ഏജൻസി തലവന്മാരുടെ കാലാവധി. ഓർഡിനൻസ് പ്രകാരം മേധാവിമാരുടെ കാലാവധി 2 വർഷം പൂർത്തിയായാൽ ഓരോ വര്‍ഷം വീതം മൂന്നുതവണ നീട്ടാം. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പിന്നീട് കാലാവധി ഉയര്‍ത്താന്‍ കഴിയില്ലെന്ന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഭേദഗതി ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു.

കഴിഞ്ഞ മേയില്‍ ചുമതലയേറ്റ സുബോധ് കുമാര്‍ ജെയ്‌സ്വാളാണ് നിലവില്‍ സിബിഐ ഡയറക്ടര്‍. ഇ.ഡി മേധാവിയായ സജ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി കേന്ദ്രം നീട്ടിയിരുന്നു. അതേസമയം പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് പുതിയ മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ പുതിയ നിയമം പാർലമെന്റിൽ പാസാക്കിയേക്കും. 1946ലെ ദില്ലി സ്‌പെഷ്യൽ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ ഭേദഗതി വരുത്തിയതാണ് സിബിഐ ഡയറക്ടറുടെ കാലാവധി മാറ്റിയത്.

Related Articles

Latest Articles