Tuesday, April 30, 2024
spot_img

രാജ്യത്ത് ഇ.ഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി 5 വര്‍ഷത്തേക്ക് നീട്ടും; ഓര്‍ഡിനന്‍സുമായി കേന്ദ്രം; ഒപ്പുവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ദില്ലി: ഇ.ഡി, സിബിഐ ഡയറക്ടര്‍മാരുടെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സുമായി കേന്ദ്ര സര്‍ക്കാര്‍. രണ്ട് വര്‍ഷമാണ് കേന്ദ്ര ഏജന്‍സികളുടെ തലവന്മാരുടെ നിലവിലെ കാലാവധി.ഇതുസംബന്ധിച്ച രണ്ട് ഓര്‍ഡിനന്‍സുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു കഴിഞ്ഞു.

ഓര്‍ഡിനന്‍സ് പ്രകാരം കേന്ദ്ര ഏജന്‍സികളുടെ തലവന്മാരുടെ കാലാവധി രണ്ട് വര്‍ഷത്തിനുശേഷം ഓരോ വര്‍ഷം വീതം മൂന്ന് തവണ നീട്ടാം.

നിലവില്‍ 1985 ബാച്ചിലെ ഐപിഎസ് ഓഫീസറായ സുബോധ് കുമാര്‍ ജെയ്‌സ്വാളാണ് സിബിഐ തലവന്‍. 2021 മെയ് മാസത്തിലാണ് അദ്ദേഹത്തെ രണ്ടു വര്‍ഷത്തേക്ക് നിയമിച്ചത്.

ഐആര്‍എസ് ഉദ്യോഗസ്ഥനായ സഞ്ജയ് കുമാര്‍ മിശ്രയാണ് നിലവില്‍ ഇ.ഡി മേധാവി. 2018 നവംബറിലാണ് അദ്ദേഹത്തെ നിയമിച്ചത്. 2020 നവംബറില്‍ അദ്ദേഹത്തിന്റെ കാലാവധി നീട്ടിയിരുന്നു.

അതേസമയം പ്രതിപക്ഷത്തെ നേതാക്കളെയും മുന്‍ കേന്ദ്രമന്ത്രിമാരെയും ലക്ഷ്യംവച്ച് അന്വേഷണങ്ങള്‍ നടത്താന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷം നിരന്തരം ഉയര്‍ത്തുന്നതിനിടെയാണ് നീക്കമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഏജന്‍സിയാണ് ഇ.ഡി (എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍, കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനുള്ള നിയമങ്ങള്‍ എന്നിവ പ്രകാരമുള്ള കേസുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. നിരവധി നേതാക്കള്‍ക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരെ ഇ.ഡിയെ ദുരുപയോഗപ്പെടുത്തി അന്വേഷണം നടത്തുന്നുവെന്നാണ് ആരോപണം ഉയരുന്നത്.

Related Articles

Latest Articles