Wednesday, May 15, 2024
spot_img

കള്ളപ്പണത്തിന് വീണ്ടും കടിഞ്ഞാൺ: ഇനി 10 ലക്ഷം രൂപയില്‍ കൂടുതല്‍ പിന്‍വലിച്ചാല്‍ നികുതി

ദില്ലി: കള്ളപ്പണം പ്രതിരോധിക്കാനും ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും പുതിയ വഴിയുമായി കേന്ദ്രസർക്കാർ. ഇതിന്‍റെ ഭാഗമായി ഒരു വര്‍ഷം 10 ലക്ഷത്തില്‍ കൂടുതല്‍ തുക പണമായി പിന്‍വലിച്ചാല്‍ അതിന്മേൽ നികുതി ഏര്‍പ്പെടുത്തും. ഒരു ദേശീയ മാധ്യമമാണ് ധനകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുവിട്ടത്.

പത്ത് ലക്ഷത്തിനുമുകളിലുള്ള തുക പണമായി പിൻവലിക്കുമ്പോൾ മാത്രമായിരിക്കും ഈ നികുതി ബദ്ധമാകുക. ഡിജിറ്റൽ ഇടപാടിൽ ഈ നികുതി ബാധകമല്ല. കള്ളപ്പണം കുറയ്ക്കാനും നോട്ട് ഉപഭോഗം കുറച്ച് ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി. ജൂലായ് അഞ്ചിന് അവതരിപ്പിക്കാനിരിക്കുന്ന രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ ഇക്കാര്യം പ്രഖ്യാപിച്ചേക്കും.

വന്‍തുക പിന്‍വലിക്കുമ്പോള്‍ ആധാര്‍ നിർബന്ധമാക്കാനുള്ള തീരുമാനവും പരിഗണനയിലുണ്ട്. വ്യക്തികളുടെ നികുതി റിട്ടേണുകള്‍ ഇതുമായി താരതമ്യം ചെയ്യുന്നതിനാണിത്. 50,000 രൂപയ്ക്കുമുകളില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇപ്പോള്‍തന്നെ പാന്‍ നിര്‍ബന്ധമാണ്.

ഒന്നാം മോഡി സർക്കാരിന്‍റെ കാലത്താണ് ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കാനും നോട്ട് രഹിത സാമ്പത് വ്യവസ്ഥ സൃഷ്ടിക്കാനുമുള്ള ഡിജിറ്റൽ ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഡിജിറ്റൽ ഇന്ത്യയുടെ ചുവടുപിടിച്ച് കഴിഞ്ഞ വാരം ഡിജിറ്റല്‍ ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കിയിരുന്ന സര്‍വീസ് ചാര്‍ജ് എടുത്തുകളഞ്ഞിരുന്നു.

Related Articles

Latest Articles