ദില്ലി: പഞ്ചാബ് കോൺഗ്രസിൽ ഉൾപ്പാർട്ടി തർക്കം രൂക്ഷമായതോടെ നിൽക്കക്കള്ളിയില്ലാതെ നവ്ജ്യോത് സിങ് സിദ്ധു. മുഖ്യമന്ത്രി അമരീന്ദർ സിങുമായുള്ള ഭിന്നത മൂർച്ഛിച്ചതോടെ അവസാന അത്താണിയെന്ന നിലയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ സമീപിച്ചിരിക്കുകയാണ് സിദ്ധു. പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങൾ വിവരിച്ചു കൊണ്ടുള്ള കത്ത് സിദ്ധു രാഹുലിന് കൈമാറി. എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമായും സിദ്ദു കൂടിക്കാഴ്ച നടത്തി.
ബിജെപി വിട്ട് കോണ്ഗ്രസില് ചേർന്ന നേതാവാണ് സിദ്ദു. ഏതാനും നാളുകളായി മുഖ്യമന്ത്രി അമരീന്ദര് സിംഗുമായി സിദ്ധു കടുത്ത ഭിന്നതയിലാണ്. ഭിന്നത രൂക്ഷമായതോടെ അമരീന്ദർ ഇടപെട്ട് നവജ്യോത് സിംഗ് സിദ്ദു കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പ് എടുത്തുമാറ്റിയിരുന്നു. ഈ നടപടിയിൽ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്താണ് സിദ്ധു രാഹുലിന് കൈമാറിയത്.

