കേന്ദ്ര ഇലക്ഷൻ കമ്മീഷന്‍റെ പെരുമാറ്റ ചട്ടത്തിലെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാൻ കൈപുസ്തകവുമായി ഹരിതകേരളം മിഷനും ശുചിത്വ മിഷനും.
പ്രകൃതിയോട് ഇണങ്ങിയുള്ള ഇലക്ഷൻ പ്രചരണത്തിന് ഏതൊക്കെ വസ്തുക്കൾ ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള രാഷ്ട്രീയ സംഘടനകളുടെയും, പൊതുജനങ്ങളുടെയും സംശയങ്ങൾ ദൂരീകരിച്ചു ഹരിത തിരഞ്ഞെടുപ്പ് നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണയുടെ നിർദ്ദേശ പ്രകാരമാണ് കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിരവധി കാർട്ടൂൺ ചിത്രങ്ങൾ ഉൾപ്പെടുത്തി സാധാരണക്കാർക്ക് വേഗത്തിൽ കാര്യം ഗ്രഹിക്കാൻ പറ്റുന്ന രീതിയിൽ വളരെ ലളിതമായ ഭാഷയിലാണ് പുസ്തകത്തിന്‍റെ രചന.
ഏതൊക്കെ തരത്തിലുള്ള പ്രചാരണ ബോർഡുകൾ ഉപയോഗിക്കാം, കൊടി തോരണങ്ങൾ എങ്ങനെ നിർമ്മിക്കാം, പ്ലാസ്റ്റിക് കുപ്പി വെള്ളം ഒഴിവാക്കേണ്ട രീതി, സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ പ്രകൃതി സൗഹൃദമായി എങ്ങനെ അലങ്കരിക്കാം, പ്ലാസ്റ്റിക് ഹാരങ്ങൾ ഒഴിവാക്കിയുള്ള സ്വീകരണം, ഭക്ഷണ വിതരണത്തിന് സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കുക, ഇലക്ഷൻ പ്രചാരണ നോട്ടീസിൽ ഹരിത സന്ദേശങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് കൈപുസ്തകത്തിൽ ഇടംപിടിച്ചിരിക്കുന്നത്. കൂടാതെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മാലിന്യങ്ങൾ എങ്ങനെ വേർതിരിച്ചു സംസ്കരിക്കാം എന്നിവയെ കുറിച്ചും അവബോധം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ഫ്ലക്സ് ബോർഡുകൾ നിരോധിച്ചുള്ള ഹൈക്കോടതി ഉത്തരവും, പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ ഉത്തരവും കൈപുസ്തകത്തിനൊപ്പം ചേർത്തിട്ടുണ്ട്.

