ഓച്ചിറയിൽ നിന്നും കാണാതായ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി. പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള മുഹമ്മദ് റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്. ഏറെ വിവാദമായ കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ റോഷനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

