Sunday, June 16, 2024
spot_img

ആക്രികൊണ്ട് ആയിരംകോടിയുടെ നികുതി വെട്ടിപ്പ്! സംസ്ഥാനത്ത് നൂറ്റിയൊന്ന് കേന്ദ്രങ്ങളിൽ ജി എസ് ടി റെയ്‌ഡ്‌; മിന്നൽ റെയ്‌ഡിൽ തട്ടിപ്പുകാർ കസ്റ്റഡിയിലായതായും സൂചന

തിരുവനന്തപുരം: ആയിരം കോടി രൂപയുടെ നികുതി വെട്ടിച്ച കേസിൽ ജി എസ് ടി വകുപ്പിന്റെ മിന്നൽ പരിശോധന തുടരുന്നു. ഇരുമ്പുരുക്ക് വ്യവസായവും ആക്രിക്കച്ചവടവുമായി ബന്ധപ്പെട്ട മേഖലകളിലെ കമ്പനികളിലാണ് റെയ്‌ഡ്‌. സംസ്ഥാന വ്യാപകമായി 101 കേന്ദ്രങ്ങളിൽ റെയ്‌ഡ്‌ നടക്കുകയാണ്. 350 ലധികം ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്. കോഴിക്കോട്, പാലക്കാട്, മലപ്പുറം, എറണാകുളം, ജില്ലകളിലാണ് പരിശോധന നടക്കുന്നത്. സ്ക്രാപ്പ് ഗോഡൗണുകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. പാലക്കാട് ജില്ലയിൽ നിന്ന് മാത്രം 700 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന. ഷെൽ കമ്പനികൾ വഴി ഇൻപുട് ക്രെഡിറ്റ് നേടിയാണ് കോടികളുടെ വെട്ടിപ്പ് നടത്തിയതെന്ന് ജി എസ് ടി വകുപ്പ് പറയുന്നു. തട്ടിപ്പുകാരിൽ ചിലർ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

കേരളത്തിലെ ഇരുമ്പ് ഉരുക്ക് വ്യവസായ മേഖലയിലെ നികുതി വെട്ടിപ്പ് കുപ്രസിദ്ധി നേടിയതാണ്. സംഘടിതമായ ശ്രമങ്ങൾ ഈ തട്ടിപ്പിന് പിന്നിലുണ്ടെന്ന് പലതവണ വ്യക്തമായതാണ്. 2022 ഏപ്രിലിൽ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പിന്റെ പിന്നിലെ സൂത്രധാരനായ കൈരളി സ്റ്റീൽ ഉടമ ഹുമയൂൺ കള്ളിയത്ത് അറസ്റ്റിലായിരുന്നു. 2023 നവമ്പറിൽ അനധികൃത ഇടപാടുകൾ നടത്തിയതിന് വിവിധ കമ്പനികളിൽ നിന്ന് 12850 കിലോ ഉരുക്ക് ജി എസ് ടി വകുപ്പ് പിടിച്ചെടുത്ത് ലേലം ചെയ്‌തിരുന്നു. ആക്രി ഗോഡൗണുകൾ കേന്ദ്രീകരിച്ച് ഷെൽ കമ്പനികൾ രൂപീകരിച്ച് വ്യാജ രേഖകൾ നിർമ്മിച്ച് ഇൻപുട്ട് ടാക്സ് നേടിയാണ് കോടികളുടെ നികുതി വെട്ടിക്കുന്നത്.

വർഷങ്ങൾ നീണ്ട നടപടിക്ക് ശേഷവും കേരളത്തിലെ സ്റ്റീൽ മേഖലയിലെ നികുതി വെട്ടിപ്പിന് ഒരു കുറവുമുണ്ടായില്ലെന്ന സൂചനയാണ് പുതിയ പരിശോധന സൂചിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുന്ന സംസ്ഥാനത്തിന് താങ്ങാനാവുന്ന ഒന്നല്ല ഈ നികുതി ചോർച്ചയെന്നും ഇത്തരം തട്ടിപ്പുകൾ അവസാനിപ്പിക്കാൻ നിയമ നിർമ്മാണം അടക്കമുള്ള സാദ്ധ്യതകൾ പരിശോധിക്കണമെന്നും ഈ രംഗത്തെ വിദഗ്ദ്ധർ ആവശ്യം ഉന്നയിക്കുന്നുണ്ട്.

Related Articles

Latest Articles