Sunday, June 16, 2024
spot_img

പ്രതിപക്ഷത്തിന്റെ എതിർപ്പ് വിലപ്പോയില്ല! ഐ ടി പാർക്കുകളിൽ മദ്യം ഒഴുക്കാനുറച്ച് സർക്കാർ; പബ്ബുകൾ ഈ വർഷം തന്നെ യാഥാർഥ്യമാകും

തിരുവനന്തപുരം: സർക്കാരിന്റെ കഴിഞ്ഞ മദ്യനയത്തിൽ പറഞ്ഞിരുന്ന വിവാദ നിർദ്ദേശമായ ഐ ടി പാർക്കുകളിലെ മദ്യശാല ഈ വർഷം യാഥാർഥ്യമാകും. സർക്കാർ നിർദ്ദേശത്തിന് നിയമസഭാ സമിതി അംഗീകാരം നൽകി. പ്രതിപക്ഷ എം എൽ എ മാരുടെ എതിർപ്പിനിടയിലാണ് സമിതി വിവാദ നിർദ്ദേശത്തിന് അംഗീകാരം നൽകിയത്. സംസ്ഥാനത്തെ ഐ ടി പാർക്കുകൾക്ക് പബ്ബ് ലൈസൻസ് നൽകാനാണ് സർക്കാർ തീരുമാനം. FL 4c ലൈസൻസുകളാകും നൽകുക. ഐ ടി പാർക്കുകളിലെ മദ്യ ശാലകൾക്ക് പക്ഷെ സാധാരണ ബാറുകളുടെ സമയക്രമം തന്നെയായിരിക്കും. രാവിലെ 11 മുതൽ രാത്രി 11 വരെയായിരിക്കും ഇത്തരം മദ്യശാലകളും പ്രവർത്തിക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഒഴിവാകുന്നതോടെ സർക്കാർ തുടർനടപടികളിലേക്ക് കടക്കും.

20 ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. നടത്തിപ്പവകാശം ആർക്ക് എന്നതിൽ ഇപ്പോൾ വ്യക്തത വന്നിട്ടില്ല. ഐ ടി പാർക്കുകൾ നേരിട്ടായിരിക്കില്ല ഇത്തരം മദ്യശാലകൾ നടത്തുക. നിലവിലെ ബാറുടമകൾക്ക് തന്നെയാകും ഐ ടി പാർക്കുകളിലെ മദ്യശാലകളുടെയും നടത്തിപ്പവകാശം. വിശദമായ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് സൂചന. അതേസമയം തീരുമാനം സാംസ്കാരിക അധഃപതനത്തിന് ഇടയാക്കുമെന്നും യുവതലമുറയെ വഴിതെറ്റിക്കുമെന്നും പ്രതിപക്ഷം പ്രതികരിച്ചിട്ടുണ്ട്. കൂടുതൽ ഉദാര നിർദ്ദേശങ്ങൾ ഉൾപ്പെടുന്നതായിരിക്കും സർക്കാരിന്റെ പുതിയ മദ്യനയമെന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്.

Related Articles

Latest Articles