അഹമ്മദാബാദ്: ഗുജറാത്ത് നഗരത്തിൽ കന്നുകാലികളെ അഴിച്ചുവിടുന്നവർക്ക് ഒന്നര വർഷം വരെ തടവും പിഴയും ശിക്ഷ നൽകുന്ന നിയമം പാസാക്കി ഗുജറാത്ത് നിയമസഭ . പൊതുവഴികളിൽ അലഞ്ഞു തിരിയുന്ന നാൽകാലികൾ മാലിന്യം ഭക്ഷിക്കുന്നതിനാലും അവയുടെ ജീവന് ഭീഷണിയായതിനാലുമാണ് ഈ നിയമം കൊണ്ട് വന്നത് . നഗരവികസന സഹമന്ത്രി വിനോദ് മൊറാഡിയ ആണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.
ലൈസൻസുള്ള കന്നുകാലികളെ അഴിച്ചുവിട്ടാൽ 5000 രൂപ വരെ ആദ്യ തവണയും 10,000 രൂപ വരെ രണ്ടാം തവണയും പിഴ വിധിക്കാൻ നിയമം അനുവദിക്കുന്നുണ്ട് .ഗുജറാത്തിലെ എട്ട് മുൻസിപ്പൽ കോർപ്പറേഷനുകളിലും 126 മുൻസിപ്പാലിറ്റികളിലും നിയമം ബാധകമാണ്. ഇവിടങ്ങളിൽ കാലികളെ വളർത്തുന്നവർ ലൈസൻസ് എടുക്കണം. ഒരോന്നിന്റേയും കഴുത്തിൽ തിരിച്ചറിയൽ കാർഡിടണം. പൊതു സ്ഥലത്ത് അഴിച്ചു വിടാൻ പാടില്ലെന്നും നിയമത്തിൽ പറയുന്നുണ്ട് . ലൈസൻസ് ഇല്ലാത്ത കന്നുകാലികളെ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിക്കാനും നിയമത്തിൽ നിർദ്ദേശമുണ്ട്.

