മലപ്പുറം: നിശ്ചയിച്ച് ഉറപ്പിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് പെൺകുട്ടിയുടെ വീടിനു നേരെ വെടിയുതിർത്ത് യുവാവ്. കോട്ടയ്ക്കൽ സ്വദേശി അബു താഹിറാണ് പെൺകുട്ടിയുടെ വീട്ടിലെത്തി വെടിയുതിർത്തത്. കയ്യിൽ കരുതിയിരുന്ന എയർ ഗൺ ഉപയോഗിച്ച് ജനാല ചില്ലിലൂടെ വെടിയുതിർക്കുകയായിരുന്നു. മൂന്നു തവണയായിരുന്നു വെടിയുതിർത്തത്. വെടിയുതിർത്ത സമയത്ത് വീട്ടുകാർ കട്ടിലിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അതുകൊണ്ടാണ് തലനാരിഴയ്ക്ക് ജീവൻ രക്ഷപെട്ടത്. വെടിയൊച്ച കേട്ടുണർന്ന വീട്ടുകാർ ജനൽ ചില്ലുകൾ തകർന്ന നിലയിൽ കാണുകയായിരുന്നു തുടർന്ന് അവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അബു താഹിറിനെ പിടികൂടിയത്. ഇയാളിൽ നിന്ന് തോക്കും പിടികൂടിയിരുന്നു.
അബു താഹിറുമായി ആക്രമിക്കപ്പെട്ട വീട്ടിലെ പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ഇയാളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടതോടെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇയാൾ അക്രമ സ്വഭാവം കാണിച്ചിരുന്നതായും ലഹരിക്കടിമയായതായും വീട്ടുകാർ പറയുന്നു. പോലീസ് കസ്റ്റയിലെടുക്കുമ്പോഴും ഇയാൾ മദ്യ ലഹരിയിലായിരുന്നു. ഒരു മാസം മുന്നേ ഇയാൾ തോക്ക് വാങ്ങി പരിശീലനം നടത്തിയിരുന്നതായും. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു വെടിവയ്‌പ്പെന്നും പോലീസ് പറഞ്ഞു. വധശ്രമം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം എന്നീ വകുപ്പുകൾ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

