Saturday, January 3, 2026

ജീവിതാനുഭവങ്ങൾ വാർത്തെടുത്ത മഹാ നടൻ. മിന്നൽ മുരളിയിലെ ഷിബുവിനെ നെഞ്ചോട് ചേർത്ത് മലയാള സിനിമ.

ജീവിതാനുഭവങ്ങൾ നല്ല എഴുത്തുകാരെ സൃഷ്ടിക്കുമെന്ന, കേട്ട് പഴകിയ ഒരു വസ്തുതയുണ്ട്. സത്യത്തിൽ അത്തരം അനുഭവങ്ങൾ നല്ലൊരു നടനെയും വാർത്തെടുക്കുമെന്ന് ഗുരു സോമസുന്ദരം തെളിയിക്കുന്നു. മലയാള സിനിമാലോകം ഇന്ന് വളരെയേറെ ചർച്ച ചെയ്യുന്ന മിന്നൽ മുരളിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു, നായകനൊപ്പം ഒരുപക്ഷെ നായകനെക്കാൾ ചർച്ചാവിഷയമാകുന്നത് സ്വന്തം ജീവിതാനുഭവങ്ങളുടെ കരുത്തിലാണെന്ന് പിന്നീടാണ് മനസ്സിലായത്. അഭ്രപാളികളിൽ കണ്ട ആ കഥാപാത്രത്തെ മനസ്സ് വല്ലാതെ സ്വീകരിച്ചു. എവിടെയോ കണ്ടു മറന്ന മുഖവുമായി ഓരോ തവണയും ഗുരു വന്നു പോകുമ്പോൾ അതെവിടെയായിരുന്നു എന്ന് മാത്രം പിടികിട്ടിയില്ല. സിനിമ കണ്ടതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് ഗുരു എന്ന വിസ്മയം അനാവരണം ചെയ്യപ്പെട്ടത്. അഞ്ചു സുന്ദരികളിലെ ആ ഫോട്ടോഗ്രാഫർ ഇദ്ദേഹമായിരുന്നുവെന്ന് മനസ്സ് ഓർത്തെടുത്തു. കോഹിന്നൂറിലെ ‘നായ്ക്കർ’ അന്നേ മനസ്സിന്റെ ഉള്ലാഴങ്ങളിൽ പതിഞ്ഞ നടനെ തിരിച്ചറിഞ്ഞത് അൽപ്പം അതിശയോക്തിയോടെ. മിന്നൽ മുരളി ചർച്ചയാകുന്നതിൽ നായക നടനും സംവിധായകനും ഒപ്പം നിർണ്ണായക പങ്ക് വഹിക്കുന്ന വില്ലൻ നടൻ ഗുരുവിന്റെ ജീവിതവും നടനിലേക്കുള്ള രൂപാന്തരവും വര്ഷങ്ങളുടെ ക്ഷമയോടെയുള്ള അദ്ധ്വാനത്തിന്റെ ഫലമാണ്.

ചെറുപ്പകാലത്ത് വലിയ കലാപ്രവർത്തനങ്ങളിലൊന്നും ഇടപെടാതെ അന്തർമുഖനായി നിന്ന ബാലൻ . ജീവിതം ജീവിച്ചു തീർക്കുന്നതിനായി വേണ്ടിവന്ന ദുരിത യാത്രകൾ ആ മനുഷ്യനിലെ നടന്റെ മൂർച്ച കൂട്ടിക്കൊണ്ടേയിരുന്നു. പല നാടുകളിൽ പല സമൂഹങ്ങളിൽ അദ്ദേഹം കണ്ട കാഴ്ചകൾ സൃഷ്‌ടിച്ച ഭാവന അദ്ദേഹത്തിന്റെ ഉള്ളിൽ ഉറങ്ങുകയായിരുന്ന കഴിവുകളെ തൊട്ടുണർത്തിയിരിക്കണം. നടൻ നാസർ കണ്ടെത്തിയ പ്രതിഭയാണ് സത്യത്തിൽ ഗുരു. അദ്ദേഹമാണ് ഗുരുവിനെ കൂത്തുപ്പട്ടറൈയിലേക്ക് അയക്കുന്നത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടക സംഘവും അഭിനയ കളരിയുമാണ് കൂത്തപ്പട്ടറൈ. പശുപതി, വിജയ് സേതുപതി തുടങ്ങിയ പ്രതിഭകൾ വാർത്തെടുക്കപ്പെട്ട മൂശയിൽ ഗുരു സോമസുന്ദരം എന്ന അഭിനയ കുലപതിയും പതിയെ സ്വ പ്രയത്നത്താലും ക്ഷമാശീലത്താലും രൂപപ്പെട്ടു. നാടകക്കളരി നിറഞ്ഞാടിയ ആ പ്രതിഭ തമിഴകത്തെ വെള്ളി വെളിച്ചത്തിലേക്ക് കൈയ്യടികളോടെ സ്വീകരിക്കപ്പെട്ടു. ഒടുവിലിതാ മലയാളികളുടെയും മനം കവരുന്ന കഥാപാത്രങ്ങൾ അനശ്വരമാക്കി നടന്നു നീങ്ങുകയാണ് ആ അതുല്യ പ്രതിഭ. മിന്നൽ മുരളിയിലെ ഷിബുവിനെ നെഞ്ചിലേറ്റുന്ന മലയാളി ഗുരു സോമസുന്ദരം എന്ന മഹാനടന് അർഹിക്കുന്ന ആദരം നൽകുകയാണ്.

Related Articles

Latest Articles