Tuesday, May 21, 2024
spot_img

ഭവനരഹിതര്‍ക്ക് കൃഷ്ണഭവനം; നിര്‍ധനര്‍ക്ക് വീടുവച്ചു നല്‍കാന്‍ പദ്ധതിയുമായി ഗുരുവായൂര്‍ ദേവസ്വം

ഗുരുവായൂര്‍: നിര്‍ധന ഭവനരഹിതര്‍ക്ക് കൃഷ്ണഭവനം എന്ന പേരില്‍ വീടുവച്ചു നല്‍കാന്‍ പദ്ധതി തയ്യാറാക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസ് അറിയിച്ചു. വീടു നിര്‍മ്മിക്കാനനുയോജ്യമായ സ്ഥലം സ്വന്തമായുള്ള നിര്‍ധനരായ ഭവനരഹിതര്‍ക്കാണ് ദേവസ്വം ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുള്ള ഒരു കോടി രൂപയില്‍ നിന്നും ധനസഹായം നല്‍കുക. ഇതിനായി കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍ക്ക് ഗുണം ലഭിക്കുന്ന തരത്തില്‍ വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിന് ദേവസ്വം ഭരണ സമിതി സബ്കമ്മിറ്റി രൂപീകരിച്ചു.

അമൃത് പദ്ധതിപ്രകാരം അഴുക്ക് ചാല്‍ നിര്‍മ്മാണത്തിന് ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് ഗുരുവായൂര്‍ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ട 1.57 കോടി രൂപ ഉടന്‍ നല്‍കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂര്‍ ദേവസ്വം വക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ടെമ്പിള്‍ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം പൊളിച്ചുപണിയുന്നതുവരെ താത്കാലികമായി സ്‌റ്റേഷന്‍ പ്രവൃത്തിക്കുന്നതിനായി ഫ്രീ സത്രം കെട്ടിടത്തിലെ മൂന്നാനില അനുവദിച്ചു നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ ഈ സ്ഥലം പൊലീസുകാര്‍ താമസത്തിനായി ഉപയോഗിച്ചുവരുകയാണ്. മൂന്ന് ഡോര്‍മിറ്ററി ഹാളുകളാണ് അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് നിശ്ചയിക്കുന്ന തുക പ്രതിമാസ വാടകയായി നല്‍കണമെന്ന വ്യവസ്ഥയിലാണ് ഈ സ്ഥലം അനുവദിച്ചത്. ഇവിടെ ഇപ്പോള്‍ താമസിച്ചുവരുന്ന പൊലീസുകാരെ പുനരധിവസിപ്പിക്കുന്നതിന് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്വന്തം ചെലവില്‍ ബാരക്ക് പണിയുന്നതിന് ദേവസ്വം വക തിരുത്തിക്കാട്ട് പറമ്പില്‍ 15 സെന്റ് സ്ഥലം പ്രതിമാസം 20,000 രൂപ വാടകനിരക്കില്‍ അനുവദിയ്ക്കുവാനും തീരുമാനിച്ചതായി ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Latest Articles