Thursday, May 9, 2024
spot_img

കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണം; ഗവര്‍ണര്‍ പി. സദാശിവം

തിരുവനന്തപുരം: കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടു വരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. വിദ്യാര്‍ഥി സമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവാരമുള്ള വിദ്യാഭ്യാസത്തിന് കലാലയങ്ങള്‍ സ്വതന്ത്രവും സമാധാനപൂര്‍ണവുമാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ കോളജില്‍ നിന്ന് പുറത്താക്കണമെന്ന് ഗവര്‍ണര്‍. എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും രാഷ്ട്രീയ കക്ഷികളുമായി ബന്ധമുണ്ട്. വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും കേരളത്തിന്റെ ഭാവിയെ കുറിച്ച്‌ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

യൂണിവേഴ്സിറ്റി കോളജിലെ സംഭവത്തെ അദ്ദേഹം അപലപിച്ചു. ക്യാമ്പസുകളില്‍ സമാധാനം പുനഃസ്ഥാപിക്കണം. സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥികളും ചര്‍ച്ച നടത്തണം. ക്യാമ്പസുകളില്‍ ക്രമസമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തുനിര്‍ത്തണമെന്നും ഗവര്‍ണര്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ സംഭവങ്ങളില്‍ ഗവര്‍ണര്‍ പി. സദാശിവം കഴിഞ്ഞദിവസം ഇടപെട്ടിരുന്നു.

വിഷയത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുകയും ചെയ്തിരുന്നു ഇതിനു പിന്നാലെയാണ് കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles