Friday, September 18, 2026

തലസ്ഥാനത്ത് എച്ച്1എൻ1; ജാഗ്രത പാലിക്കണം! മുന്നറിയിപ്പുമായി ഡി.എം ഓ

തിരുവനന്തപുരം: ജില്ലയിൽ എച്ച് 1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന തലസ്ഥാനത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ. കടുത്ത പനി, വിറയൽ, തലവേദന, ചുമ, തൊണ്ടവേദന, കഠിനമായ ശരീരവേദന, തളർച്ച, ഛർദ്ദിയും വയറിളക്കവും എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ഗർഭിണികൾ, മുതിർന്ന പൗരന്മാർ, അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ, ക്യാൻസർ പോലുള്ള മറ്റ് ഗുരുതര രോഗമുള്ളവർ, പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്ക് രോഗബാധ ഉണ്ടായാൽ സങ്കീർണ്ണമാകാൻ സാധ്യതയുള്ളതിനാൽ ഉടൻ വൈദ്യസഹായം തേടണം. എല്ലാ സർക്കാർ ആശുപത്രികളിലും എച്ച്1 എൻ1 പ്രതിരോധ മരുന്നായ ഒസൾട്ടാമിവിർ സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

പ്രതിരോധ മാർഗങ്ങൾ
•പനിയോ മറ്റ് ലക്ഷണങ്ങളോ കണ്ടാൽ സ്വയം മരുന്ന് വാങ്ങി കഴിക്കാതെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം.
•തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മറയ്ക്കണം.
•പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുന്നത് രോഗപ്പകർച്ച തടയും.
•രോഗലക്ഷണങ്ങളുള്ളവർ വീട്ടിലെ മറ്റംഗങ്ങളുമായി അടുത്ത് ഇടപഴകരുത്. രോഗിയും വീട്ടിലുള്ളവരും മാസ്‌ക് ധരിക്കണം.
•ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരും കൂട്ടിരിപ്പുകാരും രോഗികളെ സന്ദർശിക്കുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.
•സോപ്പുപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകണം.
•രോഗബാധിതർ പൂർണ്ണമായും വിശ്രമിക്കണം.
•ഓഫീസുകളിലോ പൊതുചടങ്ങുകളിലോ കഴിയുന്നതും പോകരുത്. അത്യാവശ്യ സന്ദർഭങ്ങളിൽ പോകുന്നവർ നിർബന്ധമായും മാസ്‌ക് ധരിക്കുകയും മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണം.
•രോഗലക്ഷണമുള്ള വിദ്യാർത്ഥികളെ സ്‌കൂളിൽ അയക്കരുത്
•തിളപ്പിച്ചാറ്റിയ വെള്ളവും മറ്റ് പാനീയങ്ങളും ധാരാളമായി കുടിക്കണം.

Related Articles

Latest Articles