Sunday, May 19, 2024
spot_img

‘നിര്‍ഭയ’ പ്രതികള്‍ക്ക് വേണ്ടി തൂക്കുകയര്‍ ഒരുങ്ങുന്നു

പാറ്റ്‌ന: ‘നിര്‍ഭയ’ കേസിലെ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കിയേക്കുമെന്ന് സൂചന. ബിഹാറിലെ ബക്‌സര്‍ ജയില്‍ അധികൃതരോട് 10 കൊലക്കയറുകള്‍ തയാറാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുകയര്‍ നിര്‍മിക്കാന്‍ സൗകര്യമുള്ള ജയിലാണ് ബക്‌സര്‍.

ഡിസംബര്‍ 14നകം 10 കൊലക്കയറുകള്‍ നിര്‍മിക്കാന്‍ അധികൃതരില്‍ നിന്ന് നിര്‍ദേശം ലഭിച്ചെന്നും, പക്ഷേ ആര്‍ക്കുവേണ്ടിയാണ് ഇവയെന്ന കാര്യം അറിയില്ലെന്നും ബക്‌സര്‍ ജയില്‍ സൂപ്രണ്ട് വിജയ് കുമാര്‍ അറോറ പറഞ്ഞു.

2012 ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ തിഹാര്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുകയാണ്. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. പ്രതികളുടെ ദയാഹരജി രാഷ്ട്രപതി തള്ളുമെന്നാണ് സൂചന. പ്രതികളിലൊരാളായ വിനയ് ശര്‍മ തന്റെ ദയാഹരജി തള്ളണമെന്നാവശ്യപ്പെട്ടിരുന്നു.

വരുന്ന തിങ്കളാഴ്ച നിര്‍ഭയ സംഭവത്തിന്റെ ഏഴാം വാര്‍ഷികമാണ്. അതിന് മുമ്പേ പ്രതികളുടെ വധശിക്ഷ നടപ്പാക്കുമെന്ന് അഭ്യൂഹമുണ്ട്. ബക്‌സര്‍ ജയിലില്‍ ഒരു കൊലക്കയര്‍ നിര്‍മിക്കാന്‍ മൂന്നുദിവസമെങ്കിലും എടുക്കും. കയര്‍ നിര്‍മാണത്തിന് ലോഹങ്ങളും ഉപയോഗിക്കാറുണ്ട്. പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാനുള്ള കയറും നിര്‍മിച്ചത് ബക്‌സറിലായിരുന്നു.

Related Articles

Latest Articles