Friday, June 14, 2024
spot_img

പയ്യോളി എക്സ്പ്രസിന് ഇന്ന് പിറന്നാൾ; ആശംസകൾ നേർന്ന് കായികലോകം

രാജ്യത്തിന്റെ കായിക അഭിമാനം പി ടി ഉഷയ്ക്ക് ഇന്ന് 57-ാം ജന്മദിനം. രാജ്യാന്തര വേദികളില്‍ ഇന്ത്യക്കുവേണ്ടി മെഡലുകള്‍ വാരിക്കൂട്ടിയ താരമാണ് ഉഷ.1964 ജൂണ്‍ 27 ന് കോഴിക്കോട് ജില്ലയിലെ പയ്യോളി എന്ന ഗ്രാമത്തില്‍ ജനിച്ച പി ടി ഉഷ ഓടിയെത്തിയ ദൂരങ്ങള്‍ ചെറുതല്ല എന്ന് തന്നെ പറയാം.
കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജു അടക്കം കായിക രാഷ്ട്രീയ രംഗത്തുള്ള നിരവധി പ്രമുഖരാണ് പി ടി ഉഷയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുള്ളത്.

1977 ലെ കായിക മേളയില്‍ ഒരു പയ്യോളിക്കാരി പെണ്‍കുട്ടി 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് തകര്‍ത്തു. അതോടെ അവള്‍ കായിക പ്രേമികളുടെ ശ്രദ്ധ കേന്ദ്രമായി. തുടര്‍ന്ന് 1978 ലെ ദേശീയ കായിക അത്‌ലറ്റ് മീറ്റില്‍ നാലു സ്വര്‍ണ്ണം നേടി കായിക മേഖലയില്‍ ആ പെണ്‍കുട്ടി തന്റെ സ്ഥാനം ഉറപ്പിച്ചു. “പിലാവുള്ളകണ്ടി തെക്കേ പറമ്പില്‍ ഉഷ” എന്ന, ഇന്ത്യയുടെ അഭിമാനമായ പിടി ഉഷയുടെ തുടക്കം ഇങ്ങനെയായിരുന്നു.

കണ്ണൂരിലെ ജിവി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ വെച്ച് കോച്ച് ഒ എം നമ്പ്യാരാണ് ഉഷയുടെ കായിക രംഗത്തെ അസാമാന്യ കഴിവ് കണ്ടെത്തുന്നതും പരിശീലനം നല്‍കുന്നതും. 1977 ലെയും 78 ലെയും മികച്ച പ്രകടനങ്ങള്‍ക്കു ശേഷം, 1980 ല്‍ പാക്കിസ്ഥാന്‍ ഓപ്പണ്‍ നാഷ്ണല്‍ മീറ്റില്‍ നാലു സ്വര്‍ണ്ണമാണ് പി ടി ഉഷ സ്വന്തമാക്കിയത്. അതോടെ അന്താരാഷ്ട്ര തലത്തിലും പി ടി ഉഷ എന്ന പേരും, മികച്ച പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. 1980 ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ തന്റെ 16 വയസിലാണ് പിടി ഉഷ പങ്കെടുക്കുന്നത്. ഇതോടെ ഒളിമ്പിക്‌സ് ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി പി ടി ഉഷ.
1984ല്‍ ലോസ് ആഞ്ചല്‍സില്‍ വെച്ചു നടന്ന ഒളിമ്പിക്‌സില്‍ പി ടി ഉഷ അവസാനഘട്ട മത്സരത്തിലെത്തി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 55.42ല്‍ ഫിനിഷ് ചെയ്ത് ഉഷ നാലാമതെത്തി. തലനാരിഴക്കാണ് വെങ്കലമെഡല്‍ നഷ്ടമായത്. ഇന്ത്യയില്‍ നിന്നാരും ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല.

1984 ല്‍ പത്മശ്രീ പുരസ്‌കാരവും, അര്‍ജുന അവാര്‍ഡും പി ടി ഉഷയെ തേടിയെത്തി. ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും കൂടി 13 സ്വര്‍ണമടക്കം 33 33 മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ് പി ടി ഉഷ. ദേശീയവും അന്തര്‍ദേശീയവുമായി നേടിയത് 102 മെഡലുകള്‍. ഇന്ത്യയ്ക്കു വേണ്ടി രാജ്യാന്തര വേദികളില്‍ എണ്ണമറ്റ മെഡലുകള്‍ വാരക്കൂട്ടിയ പി ടി ഉഷ ഇപ്പോള്‍ പരിശീലകയായും കായിക രംഗത്ത് സജീവമായി നില്‍ക്കുന്നു. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വനിത കായികതാരമായ പിടി ഉഷയ്ക്ക് പിറന്നാൾ ആശംസകൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles