കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കുന്ന യുദ്ധക്കപ്പലിൽ നിന്ന് ഹാർഡ് ഡിസ്ക് മോഷണംപോയ സംഭവത്തിൽ എൻ.ഐ.എ. അന്വേഷണം പുരോഗമിക്കുന്നു. സംഭവവുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന അമ്പതിലേറെപ്പേരെ എൻ.ഐ.എ. നിരീക്ഷിക്കുന്നുണ്ടെന്നാണ് സൂചന. നിലവിൽ കപ്പലിൽ കംപ്യൂട്ടർ ഇരിക്കുന്ന ഭാഗത്ത് 52 പേർക്കാണ് പ്രവേശനാനുമതിയുള്ളത്. ഇവർക്ക് സംഭവവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നാണ് എൻ.ഐ.എ. അന്വേഷിക്കുന്നത്.
കപ്പലിൽ സ്ഥാപിച്ചിരുന്ന 31 കംപ്യൂട്ടറുകളിൽ അഞ്ചെണ്ണത്തിൽ നിന്നാണ് ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള പ്രധാനഭാഗങ്ങൾ മോഷണം പോയത്. കംപ്യൂട്ടർ ഇരിക്കുന്ന ഭാഗത്തേക്ക് പ്രവേശനാനുമതിയുള്ള 52 പേർക്ക് പുറമെ, പുറത്തുനിന്നുള്ള ഏജൻസി ഏർപ്പാടാക്കിയ 82 പേരും കപ്പലിൽ ജോലിചെയ്യുന്നുണ്ട്. ഇവരെയെല്ലാം ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് എൻ.ഐ.എ. സംഭവത്തിൽ അട്ടിമറി സാധ്യതയുണ്ടോ എന്നാകും എൻ.ഐ.എ.യുടെ ആദ്യത്തെ അന്വേഷണം. ഹാർഡ് ഡിസ്ക്, മൈക്രോ പ്രോസസർ, റാം എന്നിവയും കേബിളുകളുമാണ് കപ്പലിൽനിന്ന് മോഷണം പോയത്.
സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് മോഷണം നടന്നതെന്നാണ് പോലീസ് അടക്കമുള്ള ഏജൻസികളുടെ പ്രാഥമിക വിലയിരുത്തലെങ്കിലും മറ്റു സാധ്യതകൾ പൂർണമായും തള്ളിക്കളയാതെയാണ് എൻ.ഐ.എ. അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
അതീവരഹസ്യ സ്വഭാവമുള്ള കപ്പലിന്റെ രൂപരേഖയും യന്ത്രസാമഗ്രി വിന്യാസം സംബന്ധിച്ച വിവരങ്ങളും നഷ്ടപ്പെട്ട ഹാർഡ് ഡിസ്കിൽ ഉണ്ടാകാമെന്ന അനുമാനവും എൻ.ഐ.എ. ഗൗരവമായി കാണുന്നുണ്ട്. വിമാനവാഹിനിക്കപ്പലിലേക്കുള്ള പ്രവേശന വിവരങ്ങൾ രൂപരേഖയിൽ ഉണ്ടെങ്കിൽ അതും വലിയ സുരക്ഷാപ്രശ്നമാകുമെന്ന തിരിച്ചറിവ് എൻ.ഐ.എ.ക്കുണ്ട്.
കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ‘ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റ’ത്തിന്റെ വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്കുകളാണ് മോഷ്ടിക്കപ്പെട്ടത്. വിദേശക്കമ്പനിയുടെ സഹായത്തോടെ ‘ഭാരത് ഹെവി ഇലക്‌ട്രിക്കൽസ്’ ആണ് ഇത് കപ്പലിനുവേണ്ടി രൂപപ്പെടുത്തിയത്. ഇതിന്റെ വിശദാംശങ്ങൾ എൻ.ഐ.എ. കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

