പരിസ്ഥിതി മൂല്യങ്ങൾക്ക് വില നൽകികൊണ്ട് 75 വയസിന് മുകളിൽ പ്രായമുള്ള മരങ്ങൾ സംരക്ഷിക്കാനൊരുങ്ങി ഹരിയാന സർക്കാർ. ഹരിയാന വനംവകുപ്പ്-പരിസ്ഥിതി മന്ത്രി കാൻവർ പാലാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതിനായി ഹരിയാന വായു ദേവ്താ പെൻഷൻ സ്‌കീം എന്ന പദ്ധതിക്ക് രൂപം നൽകുന്നതായും മന്ത്രി അറിയിച്ചു.
പദ്ധതിയനുസരിച്ച് മരങ്ങളുടെ ഉടമസ്ഥന് 2,500 രൂപയാണ് പ്രതിവർഷ പെൻഷൻ തുകയായി ലഭിക്കുന്നത്. ബാങ്ക് അക്കൗണ്ടിലേയ്‌ക്ക് നേരിട്ട് പെൻഷൻ തുക ലഭിക്കും. കൂടാതെ എല്ലാ വർഷവും പെൻഷൻ തുകയിൽ വർദ്ധനവും ഉണ്ടായിരിക്കും. അതേസമയം, 75 വർഷത്തിലധികം പ്രായമുള്ള മരങ്ങൾക്കാണ് പെൻഷൻ ലഭിക്കുക. ഏതെങ്കിലും രോഗം ബാധിച്ചതോ പൊള്ളയായതോ ആയ മരങ്ങൾക്ക് പെൻഷൻ ലഭിക്കുകയില്ല.
അതേസമയം, വനമേഖലയിലുള്ള മരങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. അഞ്ച് വർഷത്തിന് ശേഷം അവലോകന യോഗം നടത്തുന്നത് വരെ 4,000 മരങ്ങൾ മാത്രമാണ് പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തുന്നത്. ഇതിന് ശേഷം നടക്കുന്ന റിവ്യൂ മിറ്റിംഗുകൾക്ക് അനുസൃതമായായിരിക്കും തുടർന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക.

