Saturday, May 18, 2024
spot_img

തോക്കുണ്ട്, വെടിവയ്ക്കാന്‍ നടത്തേണ്ട പരിശീലനം നടക്കുന്നില്ല; ആധുനിക ഉപകരണങ്ങൾ കണികാണാൻ പോലും കിട്ടാതെ കേരളാപോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ക്രമസമാധാന പരിപാലനത്തിനും കുറ്റാന്വേഷണത്തിനും നിയോഗിക്കപ്പെടുന്ന പൊലീസുകാരിൽ മിക്കവർക്കുമുള്ളത് ആയുധങ്ങൾ ഇല്ലാതെ ഡ്യൂട്ടി ചെയ്യേണ്ട ദുർഗതി. എസ്ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കാണ് പിസ്റ്റളോ റിവോൾവറോ നൽകുന്നത്. സ്റ്റേഷൻ പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് റൈഫിളിന് പകരം പിസ്റ്റളാണ് ഇപ്പോൾ കൊടുക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിന്‍റെ ബെൽറ്റിൽ തോക്ക് സൂക്ഷിക്കാനുള്ള ഹോൽസ്റ്റർ മാത്രമാണുള്ളത്. വയർലെസ് സെറ്റ് തൂക്കിയിടാൻ കൊളുത്തുമുണ്ട്.

മറ്റൊരു തരത്തിലുള്ള ആയുധങ്ങളോ ഉപകരണങ്ങളോ സൂക്ഷിക്കാനുള്ള സൗകര്യം നിലവിൽ പൊലീസ് യൂണിഫോമിൽ ഒരുക്കിയിട്ടില്ല. ആധുനിക ഉപകരണങ്ങളൊന്നും കേരള പൊലീസിന് കണികാണാൻ പോലും കിട്ടിയിട്ടില്ല . ആധുനിക ആയുധങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായി യൂണിഫോം പരിഷ്കരിക്കാൻ മുൻപ് ചർച്ചകൾ നടന്നിരുന്നെങ്കിലും നടപടികൾ ചർച്ചകൾക്കപ്പുറം നീണ്ടില്ല. സംഭവങ്ങൾ തത്സമയം റിക്കോഡ് ചെയ്യാൻ ബോഡി ക്യാമറകൾ നൽകിയെങ്കിലും മിക്കവയും തകരാറിലായി. അവ ഇപ്പോൾ ഉപയോഗിക്കപ്പെടുന്നില്ല.

അതെ സമയംഎകെ 47 തോക്കും പൊലീസിന്റെ ആയുധശേഖരത്തിൽ ഉണ്ട്. മാവോയിസ്റ്റ് മേഖലയിലെ പരിശോധനകൾക്കായാണ് ഇവ ഉപയോഗിക്കപ്പെടുന്നത്. പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ വെടിവയ്പ്പിൽ പരിശീലനം നൽകണമെന്നാണ് ചട്ടമെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല .

സ്റ്റേഷനുകളിൽ ആയുധങ്ങൾ സൂക്ഷിക്കാൻ പ്രത്യേക മുറിയുണ്ട്. സ്റ്റേഷൻ എസ്എച്ച്ഒയുടെ അനുവാദത്തോടെയാണ് ആയുധങ്ങളും വെടിയുണ്ടകളും ഉദ്യോഗസ്ഥർ പുറത്തേക്ക് കൊണ്ടു പോകുന്നത്. എടുക്കുന്ന ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും കണക്ക് റജിസ്റ്ററിൽ രേഖപ്പെടുത്തണം. എആർ ക്യാംപുകളിൽനിന്നു സുരക്ഷാ ഡ്യൂട്ടിക്കു പോകുന്ന പൊലീസുകാർക്ക് പിസ്റ്റളുകളും റൈഫിളുകളും കൈവശം കൊടുത്ത് വിടാറുണ്ട്.

Related Articles

Latest Articles