Saturday, September 19, 2026

‘രാഷ്ട്രീയ പ്രവർത്തകനാണ്, ഇനിയും അങ്ങനെ തന്നെ പറയും’; വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ്റെ കൈവെട്ടുമെന്ന പ്രസംഗത്തെ ന്യായീകരിച്ച് സിപിഎം ലോക്കൽ സെക്രട്ടറി

പത്തനംതിട്ട: വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന പ്രസംഗം ന്യായീകരിച്ച് സിപിഎം നേതാവ്. പ്രതിഷേധത്തിൽ സ്വാഭാവികമായി വരുന്ന ഭീഷണിയെന്നാണ് സിപിഎം തണ്ണീർക്കോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദിന്റെ വിശദീകരണം. രാഷ്‌ട്രീയ പ്രവർത്തനമാണ് നടത്തുന്നതെന്നും പ്രതിഷേധം സംഘടിപ്പിക്കുമ്പോൾ ഇനിയും അത്തരത്തിൽ പറയുമെന്ന് അദ്ദേഹം ആവർത്തിച്ചു.

വനമേഖലയിൽ അനധികൃതമായ നാട്ടിയ കൊടിമരം നീക്കിയ ഉദ്യോ​ഗസ്ഥന്റെ കൈ വെട്ടുമെന്നായിരുന്നു പ്രവീൺ പ്രസാദിന്റെ ഭീഷണി. തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിന് സമീപത്തായിരുന്നു കൊടി നാട്ടിയിരുന്നത്. ഇവിടെത്തെ തൊഴിലാളികളെ ചേർത്ത് രൂപീകരിച്ച സിഐടിയു യൂണിറ്റിന്റെ കൊടിമരമാണ് നീക്കം ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് ഞള്ളൂർ മോഡൽ‌ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിഐടിയുവിന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തിയിരുന്നു. ഇതിനിടെ നടത്തിയ പ്രസം​ഗത്തിലാണ് സിപിഎം നേതാവിന്റെ കൈവെട്ടു ഭീഷണി മുഴക്കിയത്. കൊടിമരം നീക്കം ചെയ്ത ഉദ്യോ​ഗസ്ഥന്റെ കൈ വെട്ടുമെന്നും യൂണിഫോമില്ലാതെ പുറത്തിറങ്ങിയാൽ കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി.

ഇയാൾ ഇതിന് മുൻപും കയ്യേറ്റത്തിന് ശ്രമിച്ചിരുന്നതായി വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തി. ബാർബർ ഷോപ്പിലെ മാലിന്യം ചാക്കിൽ കെട്ടി വനത്തിൽ തള്ളുകയും ഇത് ആനകൾ തിന്നുന്ന സാഹ​ചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പരിശോധനയ്‌ക്കെത്തിയപ്പോഴായിരുന്നു പ്രവീൺ പ്രസാദ് ഉദ്യോ​ഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

Related Articles

Latest Articles