കാബൂൾ: വീണ്ടും ഭ്രാന്തൻ നിയമങ്ങളുമായി താലിബാൻ (Taliban). അഫ്ഗാനിസ്ഥാൻ കീഴടക്കിയതിനു പിന്നാലെ കൊടിയ പീഡനങ്ങളാണ് രാജ്യത്തു നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. തീവ്ര ശരിഅത്ത് നിയമങ്ങളാണ് താലിബാൻ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. അത് ലംഘിക്കുന്ന നിരവധി പേരെയാണ് ഭീകരർ കൊലപ്പെടുത്തിയിട്ടുള്ളത്. മോഷണക്കുറ്റം ആരോപിച്ചും ഹിജാബ് ധരിച്ചില്ലെന്ന് പറഞ്ഞും പൊതുസ്ഥലത്ത് വെച്ച് തലയറുക്കാനും അവർ മടിക്കാറില്ല.
എന്നാൽ ഇപ്പോഴിതാ കടകളിലെ ഡമ്മികളുടെ (Hijab On Dummy)തലയറുക്കാനാണ് താലിബാൻ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്. കടകളിൽ വസ്ത്രങ്ങൾ പ്രദർശിപ്പിക്കാൻ ഡമ്മികൾ ഉപയോഗിക്കുന്നത് ശരിഅത്ത് നിയമത്തിന്റെ ലംഘനമാണെന്നും അതിനാൽ എല്ലാ ഡമ്മികളുടേയും തലയറുക്കണമെന്നും ഭരണകൂടം ഉത്തരവിട്ടു. ഡമ്മികൾ ഹിജാബ് ധരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മുസ്ലീം വിഭാഗക്കാർ വിഗ്രഹാരാധന നടത്താറില്ല. വിഗ്രഹത്തെ ആരാധിക്കുന്നത് ശരിഅത്ത് നിയമത്തിൽ പാപമായിട്ടാണ് കണക്കാക്കുന്നത്.
അതിനാലാണ് ഡമ്മികളുടെ തലയറുക്കാൻ നിർദ്ദേശിക്കുന്നത് എന്നാണ് താലിബാന്റെ അവകാശവാദം. എന്നാൽ നേരത്തെയും ഈ നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും വ്യാപാരികൾ ഇതിനെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഒരോ ഡമ്മിക്കും 100 ഡോളറിനടുത്ത് വരുന്നുണ്ട്. ഇതിന്റെ തല വെട്ടിക്കളയുന്നത് നഷ്ടമാണെന്നാണ് വ്യാപാരികൾ പറഞ്ഞത്. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കാൻ ശ്രമിക്കാതെ ശരിഅത്ത് നിയമങ്ങൾ ജനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന താലിബാൻ ഇതൊന്നും കൂട്ടാക്കുന്നില്ല. കൊടുംപട്ടിണിയിലും ദാരിദ്ര്യത്തിലുമാണ് രാജ്യം ഇപ്പോൾ. ഭക്ഷണത്തിനായി അലഞ്ഞുതിരിയുന്ന കുട്ടികളുൾപ്പെടെയുള്ളവരുടെ ദയനീയ കാഴ്ചയാണ് രാജ്യത്തു നിന്നും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

