Sunday, May 5, 2024
spot_img

ബ്രിട്ടീഷുകാര്‍ പോലും ഭയന്നിരുന്ന പോരാട്ടവീര്യം!!! ഇന്ന് വീരകേരള സിംഹം കേരളവർമ്മ പഴശ്ശിരാജ ജന്മവാർഷിക ദിനം

കൊച്ചി: വീരകേരള സിംഹം കേരളവർമ്മ പഴശ്ശിരാജയുടെ (Pazhassi Raja Birth Anniversary) ജന്മവാർഷിക ദിനമാണ് ഇന്ന്. കേരള ചരിത്രത്തിൽ നിന്നും ഒരിക്കലും ആരും മറക്കാൻ പാടില്ലാത്ത വീരേതിഹാസമാണ് കേരളവർമ്മ പഴശ്ശിരാജയുടേത്. ദക്ഷിണഭാരതത്തിൽ കടന്നുകയറാനുള്ള ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഒറ്റയ്‌ക്ക് നിന്ന് പോരാടിയ ഒരു രാജാവ് എന്നതിനപ്പുറം ഗോത്രസമൂഹത്തിനെ കരുത്തുറ്റവരാക്കിയെന്നതും കേരള സ്വാതന്ത്ര്യസമരത്തിലെ സുവർണ്ണ ഏടാണ്. കേരളത്തിൽ ബ്രിട്ടീഷുക്കാർക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവ് ആണ് അദ്ദേഹം. ബ്രിട്ടീഷുകാർ ഏറെ ഭയന്നിരുന്ന ഒരു നാട്ടുരാജാവും പഴശ്ശിരാജ തന്നെയായിരുന്നു.

1753 ജനുവരി മൂന്നിനാണ് പഴശ്ശിരാജ ജനിച്ചത്. വടക്കേ മലബാറിലുളള കോട്ടയം രാജകുടുംബത്തിലാണ് പഴശ്ശിരാജ ജനിച്ചത്.വീരകേരള സിംഹം എന്നാണ് ചരിത്രം വീരപുരുഷനെ രേഖപ്പെടുത്തുന്നത്. ഗറില്ലാ യുദ്ധമുറയെന്നും ചതിയെന്നുമൊക്കെ പലതരത്തിൽ ചരിത്രത്തിൽ വ്യാഖ്യാനിക്കുന്ന പോരാട്ടത്തിന്റെ ഭാഗമാണ് പഴശ്ശിയുടെ ജീവിതം. ഉത്തരഭാരതത്തിൽ മാത്രം കേട്ടുകേൾവിയുള്ള ശക്തമായ പോരാട്ടത്തിന് സമാനമായ സ്വാതന്ത്ര്യ പോരാട്ടത്തിന് കേരളത്തിലും കരുത്തുള്ളവരുണ്ടെന്ന് കാണിച്ച രാജാവാണ് പഴശ്ശിരാജ.

ബ്രിട്ടീഷുകാരെ കേരളത്തിൽ നിന്നും തുരത്തിയോടിക്കുന്നതിനായുള്ള ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിച്ച വീരപഴശ്ശി ബ്രിട്ടീഷുകാർ കൈയ്യടക്കിയ തന്റെ അധികാരം തിരികെ കിട്ടാൻ മാത്രമല്ല കേരളമണ്ണിന്റെ സ്വാതന്ത്ര്യത്തിനു കൂടി വേണ്ടിയാണ് പ്രവർത്തിച്ചത്.വയനാടൻ കാടുകളിൽ ഗറില്ലാ യുദ്ധമുറകളിലൂടെ ബ്രിട്ടീഷുകാർക്ക് തിരിച്ചടി കൊടുത്തും പോരാടിയ പഴശ്ശിരാജയെ സ്വാതന്ത്രസമര ചരിത്രങ്ങളിൽ വീരകേരള സിംഹം എന്നാണ് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്‌ക്കെതിരെ പ്രസിദ്ധമായ പഴശ്ശി വിപ്ലവം നയിച്ചു. നിരവധി തവണ ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയ മഹാനായ വീര സമരനായകൻ 1805 നവംബർ 30 ന് ബ്രിട്ടീഷ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരബലിദാനിയായി. മാനന്തവാടിയിലാണ് പഴശ്ശിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന പുരാവസ്തു വകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി പേരാണ് ഇവിടെ സന്ദര്‍ശനത്തിനായി എത്താറുളളത്.

Related Articles

Latest Articles