ഇൻഡോർ : കൊവിഡ് ലോക്ഡൗൺ കാലഘട്ടത്തിൽ യമരാജന്റെ വേഷത്തിൽ എത്തി ജനങ്ങളെ ബോധവൽക്കരിച്ചതിലൂടെ രാജ്യശ്രദ്ധ നേടിയ ഇൻഡോറിലെ പോലീസ് ഹെഡ് കോൺസ്റ്റബിൾ ജവഹർ സിംഗ് ജദൗൻ മരിച്ചു. ഇന്നലെ ജൂനി ഇൻഡോർ പോലീസ് ലൈനിലെ വീട്ടിൽ വച്ച് അബദ്ധത്തിൽ സ്വയം വൈദ്യുതാഘാതമേറ്റമാണ് അന്ത്യം സംഭവിച്ചത്.
കോവിഡ് ഭീഷണിയിൽ ലോകം മുഴുവൻ വിറങ്ങലിച്ച് നിൽക്കെ കൂടുതൽ ആളുകൾക്ക് രോഗബാധ ഉണ്ടാകാതിരിക്കാൻ മാസ്ക് ധരിക്കാനും പ്രോട്ടോക്കോളുകൾ പാലിക്കാനും അദ്ദേഹം ആളുകളെ പ്രോത്സാഹിപ്പിച്ചിരുന്നു. COVID-19 ൻ്റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തിന് മുന്നറിയിപ്പ് നൽകുന്നതിനായി യമരാജന്റെ വേഷത്തിൽ തെരുവിലൂടെ നടന്ന അദ്ദേഹം രാജ്യം മുഴുവൻ ശ്രദ്ധ നേടുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് ജൂനി ഇൻഡോർ പോലീസ് ലൈനിലെ വീടിന് സമീപമുള്ള പശുത്തൊഴുത്ത് വൃത്തിയാക്കാൻ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നതിനിടെയാണ് ജവഹർ സിംഗ് ഗുരുതരമായി വൈദ്യുതാഘാതമേറ്റതെന്ന് ജൂനി ഇൻഡോർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് അനിൽ ഗുപ്ത പറഞ്ഞു. തൊഴുത്തിൽ ഉണ്ടായിരുന്ന പശുക്കിടാവിനും വൈദ്യുതാഘാതമേറ്റ് ജീവൻ നഷ്ടപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

