Monday, June 17, 2024
spot_img

നിപയെ അതിജീവിച്ച ​ഗോകുൽ കൃഷ്ണയ്ക്ക് സഹായവുമായി ആരോ​ഗ്യമന്ത്രി വീണ ജോർജ്; അമ്മയ്ക്ക് താൽകാലിക ജോലി

തിരുവനന്തപുരം: എറണാകുളത്ത് നിപയെ അതിജീവിച്ച ​ഗോകുൽ കൃഷ്ണയുടെ കുടുംബത്തിന് ആശ്വാസവുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ജീവിതം പ്രതിസന്ധിയിലായ ഗോകുല്‍ കൃഷ്ണയുടെ അമ്മ വി എസ് വാസന്തിക്ക് താത്ക്കാലിക തസ്തികയില്‍ നിയമനം നല്‍കി. വനിത വികസന കോര്‍പറേഷനില്‍ ലോണ്‍/ റിക്കവറി അസിസ്റ്റന്റായാണ് നിയമനം. നിപയ്ക്ക് ശേഷം പല വിധ ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ഗോകുല്‍ കൃഷ്ണയുടെ തുടര്‍ ചികിത്സ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാക്കി.

ഗോകുല്‍ കൃഷ്ണയെ മന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് 2019ല്‍ ഗോകുല്‍ കൃഷ്ണയെ നിപ വൈറസ് ബാധിച്ചത്. അമ്മ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസി ഇന്‍ ചാര്‍ജ് ആയാണ് ജോലി ചെയ്തിരുന്നത്. മകന് നിപ വൈറസ് ബാധിച്ചതോടെ അവര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നു. മകന്റെ ചികിത്സ കഴിഞ്ഞ് തിരികെ ആശുപത്രിയിലെത്തിയപ്പോഴേക്കും അവരെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. 28 വര്‍ഷം അവര്‍ അവിടെ ജോലി ചെയ്തിരുന്നു എന്നാണ് പറയുന്നത്. കോവിഡ് വ്യാപനം കാരണം അച്ഛനും ജോലി നഷ്ടപ്പെട്ടു. ഗോകുല്‍ കൃഷ്ണയ്ക്കാണെങ്കില്‍ നിപയ്ക്ക് ശേഷം മറ്റ് പല അസുഖങ്ങളുമുണ്ട്. ജീവിക്കാനായി ഏറെ ബുദ്ധിമുട്ടിയെങ്കിലും ആരോടും സഹായമഭ്യര്‍ത്ഥിച്ച് പോയില്ല. കടം കയറി വീട് ജപ്തിയുടെ വക്കിലുമാണ്.

ദുരിതം അറിഞ്ഞതോടെ ആരോ​ഗ്യമന്ത്രി വകുപ്പിന് കീഴിലുള്ള വനിത വികസന കോര്‍പറേഷനില്‍ അമ്മയ്ക്ക് ജോലി നൽകുകയായിരുന്നു. ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ലേബര്‍ വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. ജപ്തിനടപടികളില്‍ നിന്നും ഇളവ് നേടാനായി സഹകരണ വകുപ്പിന്റേയും സഹായം തേടാനാണ് തീരുമാനം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles