Monday, May 20, 2024
spot_img

ആശുപത്രികളിലേക്ക് പോകേണ്ട, ഡോക്ടറുണ്ടാവില്ല ! സംസ്ഥാനത്ത് ഇന്നും ആരോഗ്യമേഖല സ്തംഭിച്ചു; ഒ പിയും ശസ്ത്രക്രിയകളും അടക്കം പ്രവർത്തനം നിലച്ചു; അടിയന്തിര നിയമനിർമ്മാണം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം പരിഗണനയിലെന്ന് സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ആരോഗ്യമേഖല സ്തംഭനാവസ്ഥയിൽ. അത്യാഹിത വിഭാഗം ഒഴികെ ഒ പി അടക്കമുള്ള എല്ലാ മേഖലകളിലും ഡോക്ടർമാർ പണിമുടക്കുന്നു. ഡോ വന്ദനാ ദാസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായി ഡോക്ടർമാർ പണിമുടക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ഡോ വന്ദന ദാസിനെതിരെ ആക്രമണമുണ്ടായത് രാവിലെ 08 30 ഓടെ ചികിത്സയിലിരിക്കെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ 08:00 വരെയാണ് സമരം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പ്രതിഷേധം നീണ്ടുപോകുന്നു. ഇന്നലെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയടക്കം ഡോക്ടർമാരുടെ സംഘടനകളുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ അടക്കം പ്രതിഷേധിക്കുകയാണ്. മുഖ്യമന്ത്രി ഇന്ന് സംഘടനകളുമായി നേരിട്ട് ചർച്ച നടത്തുകയാണ്. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് അടിയന്തിര നിയമനിർമ്മാണം വേണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകാനും അത്യാഹിത വിഭാഗമടക്കം ബഹിഷ്‌ക്കരിക്കാനുമുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ. പതിവിൽ നിന്ന് വിപരീതമായി പൊതുജനങ്ങളുടെ പിന്തുണയും സമരത്തിനുണ്ട്. എന്നാൽ ആരോഗ്യമേഖലയുടെ സ്തംഭനാവസ്ഥ ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്.

ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെ അതിക്രമങ്ങൾ തടയുന്നതിനു 2012 ലാണു നിയമം കൊണ്ടുവന്നത്. ആശുപത്രിക്കുള്ളിലും വളപ്പിലും നടക്കുന്ന അക്രമങ്ങളിൽ മാത്രമേ നിയമനടപടി സ്വീകരിക്കാൻ കഴിയുകയുള്ളൂ. ആക്രമണം നടത്തുന്നവർക്കു പരമാവധി ലഭിക്കുന്നതു 3 മാസം തടവും അരലക്ഷം രൂപ പിഴയുമാണ്. ചികിത്സയുടെ പേരിൽ ആരോഗ്യപ്രവർത്തകരെ അവരുടെ വീടുകളിൽ കയറിയോ വഴിയിൽ വച്ചോ ആക്രമിച്ചാൽ ഈ നിയമപ്രകാരം നടപടി സാധ്യമല്ല. ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, മെഡിക്കൽ– നഴ്സിങ് വിദ്യാർഥികൾ എന്നിവർക്കു മാത്രമേ നിയമത്തിന്റെ സംരക്ഷണം ഉള്ളൂ. എന്നാൽ ഡോക്ടർമാർ ഈ നിയമത്തിൽ ഭേദഗതി നിർദ്ദേശിച്ചിരുന്നു. ഇത് സർക്കാർ ചെവിക്കൊള്ളുന്നില്ല എന്നാണ് പരാതി. ആശുപത്രിക്കു പുറത്ത് ആരോഗ്യപ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയാലും ഈ നിയമം ബാധകമാക്കണം. ആശുപത്രികളിലെ സെക്യൂരിറ്റി മുതൽ എല്ലാ ജീവനക്കാർക്കും പരിരക്ഷ ഉറപ്പാക്കണം. ആക്രമണം നടത്തിയാൽ ഒരു മണിക്കൂറിനകം കേസ് എടുത്ത് ഒരു മാസത്തിനകം അന്വേഷണവും ഒരു വർഷത്തിനകം വിചാരണയും പൂർത്തിയാക്കണം. ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ അതിവേഗ കോടതി സ്ഥാപിക്കണം. ഗുരുതരമല്ലാത്ത ആക്രമണങ്ങൾക്ക് 6 മാസം മുതൽ 5 വർഷംവരെ തടവും 2 ലക്ഷം രൂപവരെ പിഴയും ഗുരുതര കുറ്റകൃത്യങ്ങൾക്ക് 10 വർഷംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും വ്യവസ്ഥ ചെയ്യണം. എന്നീ ഭദഗതികളാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്.

Related Articles

Latest Articles